മലപ്പുറം: നാട്ടുകാർ കണ്ടെത്തി പൊലീസിൽ ഏൽപ്പിച്ചിരുന്ന ഏകദേശം 10 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കാണാതായി. മലപ്പുറം കരിപ്പൂർ പൊലീസ് സ്റ്റേഷനിലാണ് ഗുരുതരവും അതേസമയം സേനയ്‌ക്ക് ആകെ നാണക്കേടുണ്ടാക്കുന്നതുമായ സംഭവം നടന്നത്. മോഷണത്തിന് പിന്നിൽ കരിപ്പൂർ പൊലീസ് സ്റ്റേഷനിലെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണെന്ന വിവരമാണ് പുറത്തുവരുന്നത്.
2018-ന് മുമ്പ് വിവിധ സമയങ്ങളിൽ നാട്ടുകാർ കണ്ടെത്തി പൊലീസിന് കൈമാറിയ സ്വർണമാലയും ബ്രേസ്ലെറ്റും ഉൾപ്പെടെയുള്ള ആഭരണങ്ങളാണ് കാണാതായവയിൽ ഉൾപ്പെടുന്നത്. കൂടാതെ 2024 ഒക്ടോബറിൽ ലഭിച്ച രണ്ട് കമ്മൽ, ഒരു മോതിരം, രണ്ട് സ്വർണമാലകൾ എന്നിവയും സ്റ്റേഷനിലെ രേഖകളിൽ ഉണ്ടായിരുന്നെങ്കിലും പിന്നീട് കാണാതായതായി കണ്ടെത്തി.
കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവള പരിസരത്ത് നിന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച കളഞ്ഞുകിട്ടിയ സ്വർണാഭരണങ്ങളും കാണാതായ ആഭരണങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
2026 ഫെബ്രുവരിയിലാണ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളിൽ കുറവുണ്ടെന്ന കാര്യം സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. തുടർന്ന് സമർപ്പിച്ച റിപ്പോർട്ടിലാണ് ആഭരണങ്ങൾ കാണാതായ വിവരം ചൂണ്ടിക്കാട്ടിയത്.
സംഭവത്തിൽ ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണ്. സ്റ്റേഷനിലെ തൊണ്ടിമുതൽ സൂക്ഷിക്കുന്ന വിഭാഗത്തിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ എങ്ങനെ കാണാതായി, ഇതിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണവിധേയമാണ്. പ്രാഥമിക വിവരങ്ങൾ പ്രകാരം സ്റ്റേഷനിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ പങ്കാണ് അന്വേഷണ ഏജൻസികൾ പ്രധാനമായും പരിശോധിക്കുന്നത്.
പൊലീസിന്റെ കസ്റ്റഡിയിൽ സുരക്ഷിതമായി സൂക്ഷിക്കേണ്ട തൊണ്ടിമുതലുകളും കളഞ്ഞുകിട്ടിയ വിലപിടിപ്പുള്ള വസ്തുക്കളും കാണാതായ സംഭവം സംസ്ഥാന പൊലീസ് സംവിധാനത്തെ തന്നെ പ്രതിരോധത്തിലാക്കുന്ന സംഭവമായാണ് വിലയിരുത്തപ്പെടുന്നത്.