ബത്തുമി (ജോര്‍ജിയ): ഇന്ത്യയുടെ ചെസ് ഭാവി സുരക്ഷിത കൈകളിലാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് 11-കാരി ദിവി ബിജേഷ്. ജോര്‍ജിയയിലെ ബത്തുമിയില്‍ നടന്ന ഫിഡെ അണ്ടര്‍-12 ലോകകപ്പില്‍ അതിശയകരമായ തിരിച്ചുവരവിലൂടെ കിരീടം സ്വന്തമാക്കിയ ദിവി, ഇന്ത്യന്‍ ചെസിലെ പുതിയ അത്ഭുതതാരമായി മാറിയിരിക്കുകയാണ്.
90 താരങ്ങള്‍ മത്സരിച്ച ശക്തമായ ടൂര്‍ണമെന്റില്‍ തുടക്കം അത്ര അനുകൂലമായിരുന്നില്ല. മൂന്നാം റൗണ്ടില്‍ ചൈനയുടെ സിക്‌സിന്‍ ഹുവാങ്ങിനോട് തോറ്റതോടെ ദിവി 21-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മത്സരത്തിനിടെ പനി ബാധിച്ചതും പ്രകടനത്തെ ബാധിച്ചു. ജയിക്കാവുന്ന മത്സരം കൈവിട്ടതിന്റെ വേദനയില്‍ ആ രാത്രി കരഞ്ഞുറങ്ങേണ്ടി വന്നെങ്കിലും, അതാണ് പിന്നീട് ലോകകിരീടത്തിലേക്കുള്ള വഴിത്തിരിവായത്.
തുടര്‍ന്നുള്ള അഞ്ച് മത്സരങ്ങളിലും ദിവി തുടര്‍ച്ചയായി വിജയിച്ച് എട്ടാം റൗണ്ടില്‍ ഒന്നാം സ്ഥാനത്തെത്തി. പിന്നീട് അവസാന റൗണ്ട് വരെ ആ ലീഡ് കൈവിടാതെയാണ് ലോകചാമ്പ്യന്‍ പദവി സ്വന്തമാക്കിയത്. ടൂര്‍ണമെന്റിലെ ഏക തോല്‍വിക്ക് ശേഷമുള്ള ഈ തിരിച്ചുവരവാണ് ദിവിയുടെ വിജയത്തെ കൂടുതല്‍ മികവുറ്റതാക്കുന്നത്.
ഏഴാം റൗണ്ടില്‍ കസാഖിസ്ഥാന്റെ ഷാന്‍സായ ഷോല്‍പാന്‍ബെക്കിനെയും, പത്താം റൗണ്ടില്‍ ഇന്ത്യയുടെ തന്നെ ശര്‍വാണിക എ.എസിനെയും കീഴടക്കിയ ദിവി, റഷ്യയുടെ വിക്ടോറിയ മഖിന, അലിസ ജെന്റിയേറ്റ യുങ്കര്‍ എന്നിവര്‍ക്കെതിരെ സമനിലയും നേടി. സമ്മര്‍ദ്ദ നിമിഷങ്ങളില്‍ പോലും പക്വതയാര്‍ന്ന പ്രകടനമാണ് ഇന്ത്യന്‍ താരത്തെ കിരീടത്തിലേക്ക് നയിച്ചത്.
തിരുവനന്തപുരം മാസ്റ്റേഴ്‌സ് ചെസ് അക്കാദമിയിലെ പരിശീലകന്‍ ശ്രീജിത്ത് ജി.എസ് ദിവിയെ വിശേഷിപ്പിക്കുന്നത് ഒരു യഥാര്‍ത്ഥ പോരാളിയെന്നാണ്. തോല്‍വികളില്‍ നിന്ന് വളരെ വേഗത്തില്‍ പാഠം പഠിക്കുകയും അടുത്ത മത്സരത്തില്‍ കൂടുതല്‍ ശക്തിയായി തിരിച്ചുവരികയും ചെയ്യുന്നതാണ് ദിവിയുടെ ഏറ്റവും വലിയ പ്രത്യേകതയെന്ന് അദ്ദേഹം പറയുന്നു. ദിവസവും ആറു മുതല്‍ ഏഴ് മണിക്കൂര്‍ വരെ പരിശീലനത്തിനായി മാറ്റിവെക്കുന്ന ദിവി, ടൂര്‍ണമെന്റിനിടയിലും ഓരോ മത്സരത്തിനുശേഷം ഓണ്‍ലൈനിലൂടെ അടുത്ത എതിരാളിക്കെതിരായ തന്ത്രങ്ങള്‍ ആസൂത്രണം ചെയ്തിരുന്നു.
ദിവിയുടെ ഈ നേട്ടത്തിന് പിന്നില്‍ കുടുംബത്തിന്റെ വലിയ ത്യാഗവുമുണ്ട്. 2024 അവസാനത്തോടെ മകളുടെ ചെസ് സ്വപ്‌നത്തിനായി പിതാവ് ബിജേഷ് തന്റെ മികച്ച ഐ.ടി ജോലി രാജിവെച്ച് മുഴുവന്‍ സമയവും മകള്‍ക്കൊപ്പമാകാന്‍ തീരുമാനിച്ചിരുന്നു. ലോകചാമ്പ്യന്‍ ഗുകേഷിന്റെ കുടുംബം ഉള്‍പ്പെടെ ഇന്ത്യന്‍ ചെസില്‍ ഇതിനകം കണ്ട മാതൃക തന്നെയാണ് ദിവിയുടെ കുടുംബവും പിന്തുടര്‍ന്നത്. ആ തീരുമാനം ഇന്ന് ലോകകിരീടത്തിന്റെ രൂപത്തില്‍ ഫലം കണ്ടിരിക്കുകയാണ്.
നിലവില്‍ അണ്ടര്‍-12 ലോക റാങ്കിങ്ങില്‍ 21-ാം സ്ഥാനത്തും അണ്ടര്‍-11 വിഭാഗത്തില്‍ എട്ടാം സ്ഥാനത്തുമുള്ള ദിവിക്ക് ഈ ലോകകപ്പ് കിരീടം വലിയ വഴിത്തിരിവായിരിക്കുമെന്ന് പരിശീലകര്‍ വിലയിരുത്തുന്നു. വിദേശ ടൂര്‍ണമെന്റുകളില്‍ സ്ഥിരമായി പങ്കെടുക്കാന്‍ ആവശ്യമായ സാമ്പത്തിക പിന്തുണ ലഭിച്ചാല്‍ ലോക ചെസില്‍ ഇന്ത്യയുടെ അടുത്ത വലിയ താരമായി ദിവി വളരുമെന്നാണ് പ്രതീക്ഷ.
കണ്ണീരില്‍ തുടങ്ങിയ ഒരു ടൂര്‍ണമെന്റ്, ഇന്ത്യന്‍ ദേശീയഗാനം മുഴങ്ങിയ വിജയവേദിയില്‍ അവസാനിപ്പിച്ച ദിവി ബിജേഷ് ഇപ്പോള്‍ ഒരു കിരീടജേതാവ് മാത്രമല്ല. കഠിനാധ്വാനവും മനക്കരുത്തും ചേര്‍ന്നാല്‍ പ്രായം വെറും സംഖ്യ മാത്രമാണെന്ന് തെളിയിച്ച ഇന്ത്യന്‍ കായികലോകത്തിന്റെ പുതിയ പ്രചോദനമാണ്.















