പാലക്കാട്: മീനാക്ഷിപുരത്ത് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ അച്ഛൻ ക്രൂരമായി മർദിച്ചു. വണ്ടിത്താവളം കെയോട് പ്രദേശത്താണ് സംഭവം. കുട്ടിയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ മീനാക്ഷിപുരം പൊലീസ് സ്വമേധയാ അന്വേഷണം തുടങ്ങി.
ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് കുട്ടിയുടെ വീട്ടിലെത്തി മാതാപിതാക്കളുമായി സംസാരിച്ചു. എന്നാൽ സംഭവത്തിൽ പരാതി നൽകാൻ കുട്ടിയും അമ്മയും തയ്യാറായില്ലെന്നാണ് പൊലീസ് അറിയിച്ചത്.
കുട്ടിയെ മർദിച്ച അച്ഛൻ ലഹരിക്ക് അടിമയാണെന്ന സംശയമുണ്ടെന്ന് മീനാക്ഷിപുരം പൊലീസ് പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കുട്ടിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനുമായി വിഷയം ചൈൽഡ് ലൈന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ലെങ്കിലും കുട്ടിയുടെ സുരക്ഷയ്‌ക്ക് മുൻഗണന നൽകി തുടർനടപടികളുമായി മുന്നോട്ടുപോകാനാണ് പൊലീസിന്റെ തീരുമാനം. കുട്ടിയുടെ ക്ഷേമം ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ കുട്ടിക്കെതിരായ അതിക്രമത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.















