വിക്ടോറിയ: ഇന്ത്യയുടെ ആഗോള പരിസ്ഥിതി നയതന്ത്രത്തിന് വീണ്ടും അഭിമാന നിമിഷം. സെയ്‌ഷെല്‍സിന്റെ പരമോന്നത പരിസ്ഥിതി ബഹുമതിയായ ‘Guardian of the Blue Horizon’ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു. പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം, സമുദ്രവിഭവങ്ങളുടെ ഉത്തരവാദിത്വപരമായ ഉപയോഗം എന്നിവയില്‍ കാഴ്ചവെച്ച നേതൃത്വത്തിനുള്ള അംഗീകാരമായാണ് ഈ ബഹുമതി.
സെയ്‌ഷെല്‍സിന്റെ ദേശീയദിനാഘോഷ ചടങ്ങിനിടെയായിരുന്നു പുരസ്‌കാര സമര്‍പ്പണം. ഹരിതവളര്‍ച്ച, കാലാവസ്ഥാ പ്രവര്‍ത്തനം, ബ്ലൂ ഇക്കോണമി എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ മോദി നല്‍കിയ സംഭാവനകളെ പ്രശംസിച്ചാണ് സെയ്‌ഷെല്‍സ് സര്‍ക്കാര്‍ ഈ ബഹുമതി പ്രഖ്യാപിച്ചത്.
ചെറുകിട ദ്വീപ് രാഷ്‌ട്രങ്ങളുടെ വികസനത്തിനും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള ആഗോള സഹകരണത്തിനും ഇന്ത്യ നല്‍കിയ പിന്തുണയും ഇന്ത്യ-സെയ്‌ഷെല്‍സ് ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍ പ്രധാനമന്ത്രി വഹിച്ച പങ്കും പുരസ്‌കാര പ്രഖ്യാപനത്തില്‍ പ്രത്യേകം എടുത്തുപറഞ്ഞു.
പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം എക്സില്‍ പ്രതികരിച്ച പ്രധാനമന്ത്രി, ഈ അംഗീകാരം തനിക്ക് വലിയ വിനയവും അഭിമാനവും നല്‍കുന്നതാണെന്ന് പറഞ്ഞു. ‘കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്ന രാജ്യങ്ങള്‍ക്കും, വരും തലമുറയ്‌ക്കായി പ്രകൃതിയെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരായ എല്ലാവര്‍ക്കും ഈ ബഹുമതി സമര്‍പ്പിക്കുന്നു’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അന്താരാഷ്‌ട്ര തലത്തില്‍ പരിസ്ഥിതി-സുസ്ഥിര വികസന മേഖലകളില്‍ പ്രധാനമന്ത്രി മോദിക്ക് ലഭിക്കുന്ന ഏറ്റവും പുതിയ അംഗീകാരമാണിത്. ഇതിനുമുമ്പ് 2026-ല്‍ ഭക്ഷ്യസുരക്ഷയിലും കാര്‍ഷിക പരിഷ്‌കാരങ്ങളിലും നല്‍കിയ സംഭാവനകള്‍ക്ക് എഫ്.എ.ഒയുടെ ‘Agricola Medal’ നല്‍കി ആദരിച്ചിരുന്നു. 2018-ല്‍ സിയോള്‍ സമാധാന പുരസ്‌കാരവും, ഐക്യരാഷ്‌ട്രസഭയുടെ പരമോന്നത പരിസ്ഥിതി ബഹുമതിയായ ‘Champions of the Earth’ പുരസ്‌കാരവും മോദിയെ തേടിയെത്തിയിരുന്നു.
സെയ്‌ഷെല്‍സ് സന്ദര്‍ശനത്തിനിടെ ലഭിച്ച ഈ പുതിയ ബഹുമതി, ഇന്ത്യയുടെ കാലാവസ്ഥാ നയങ്ങള്‍ക്കും സമുദ്രസുരക്ഷയ്‌ക്കും സുസ്ഥിര വികസന കാഴ്ചപ്പാടിനും ലഭിച്ച അന്താരാഷ്‌ട്ര അംഗീകാരമായി വിലയിരുത്തപ്പെടുകയാണ്.















