ആലപ്പുഴ: തന്ത്രി കണ്ഠര് രാജീവർക്കും താഴമൺ മഠത്തിനുമെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നൽകി തന്ത്രിയുടെ ഭാര്യ ബിന്ദു രാജീവ്. മധുമണിമല എന്ന വ്യക്തിക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
നിരന്തരം അധിക്ഷേപകരവും അപകീർത്തികരവുമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ച് കുടുംബത്തെയും താഴമൺ മഠത്തെയും ജനങ്ങൾക്കുമുന്നിൽ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം.
ആഭ്യന്തരമന്ത്രിക്ക് നേരിട്ട് കൈമാറിയ പരാതിക്കൊപ്പം സൈബർ ആക്രമണത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന ഡിജിറ്റൽ തെളിവുകളും സമർപ്പിച്ചു. സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ച വ്യാജപ്രചാരണങ്ങളുടെ സ്ക്രീൻഷോട്ടുകളും ദൃശ്യങ്ങളും ഉൾപ്പെടുത്തിയ പെൻഡ്രൈവും പരാതിയോടൊപ്പം കൈമാറി.
സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സൈബർ ഇടങ്ങളിലെ സംഘടിത ആക്രമണങ്ങൾക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യവും കുടുംബം മുന്നോട്ടുവച്ചു.















