ജയിലിൽ നിന്ന് പുറത്തിറങ്ങി ദിവസങ്ങൾക്കകം ദുരൂഹ മരണം; യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ അന്വേഷണം ആരംഭിച്ച് പോലീസ്

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: ചിറയിൻകീഴിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. വിവിധ കേസുകളിൽ പ്രതിയായ ‘മിന്നൽ’ ഫൈസലിന്റെ മൃതദേഹമാണ് ആളൊഴിഞ്ഞ പുരയിടത്തിലെ ചെറിയ കെട്ടിടത്തിനുള്ളിൽ കണ്ടെത്തിയത്.

മൃതദേഹത്തിന് ഏകദേശം നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് നിന്ന് രൂക്ഷ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

കാപ്പ കേസിലെ പ്രതിയായ ഫൈസൽ അടുത്തിടെയാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയതെന്ന് പോലീസ് അറിയിച്ചു.

സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഫൊറൻസിക് പരിശോധനകൾ പൂർത്തിയായ ശേഷമേ മരണകാരണം ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.

Share