തിരുവനന്തപുരം: എൻ. ശേഷാദ്രിനാഥനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചു. മന്ത്രിസഭയുടെ ശുപാർശ ഗവർണർ അംഗീകരിച്ചതോടെയാണ് നിയമനത്തിന് അന്തിമ അംഗീകാരം ലഭിച്ചത്.
കഴിഞ്ഞ ആഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് ശേഷാദ്രിനാഥന്റെ പേര് ശുപാർശ ചെയ്തത്. മുൻ ജില്ലാ ജഡ്ജിയായതിനാൽ നിയമനത്തിന് ഹൈക്കോടതിയുടെ മുൻകൂർ അനുമതി ആവശ്യമായിരുന്നില്ല.
മുൻപ് ജില്ലാ ജഡ്ജിയും നിയമ സെക്രട്ടറിയുമായ കെ.ജി. സനൽകുമാറിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കാൻ സർക്കാർ ശുപാർശ ചെയ്തിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ നടപടികൾ പൂർത്തിയാകാതെ പോയിരുന്നു.
എറണാകുളം സ്വദേശിയായ ശേഷാദ്രിനാഥന്റെ നിയമനത്തിൽ സാങ്കേതിക തടസ്സങ്ങളോ പരാതികളോ ഇല്ലാത്തതിനാൽ ഗവർണറുടെ അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷ നേരത്തേ ഉണ്ടായിരുന്നു.
കവരത്തി പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി, എറണാകുളം സി.ബി.ഐ കോടതി ജഡ്ജി, സഹകരണ ട്രൈബ്യൂണൽ ജഡ്ജി, വാഹനാപകട ക്ലെയിം ട്രൈബ്യൂണൽ ജഡ്ജി, എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് തുടങ്ങിയ നിലകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ മേയിലാണ് ഇരിങ്ങാലക്കുട കുടുംബ കോടതി ജഡ്ജി സ്ഥാനത്ത് നിന്ന് വിരമിച്ചത്. അതേസമയം, നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് വൃത്തങ്ങളിൽ ചില എതിർപ്പുകളും ഉയർന്നിരുന്നു.കെപിസിസി ജനറൽ സെക്രട്ടറി പിഎം നിയാസാണ് പ്രധാനമായും എതിർപ്പ് ഉന്നയിച്ചത്. ശേഷാദ്രിനാഥന് സംഘപരിവാർ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കോൺഗ്രസിൽ ഒരു വിഭാഗം നിയമനത്തെ എതിർത്തത്.















