മദ്യം വാങ്ങാൻ 23 വയസ് നിർബന്ധം കർശനമാക്കും; ഐഡി പരിശോധന ശക്തമാക്കാൻ നീക്കം

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധിയായ 23 വയസ് കർശനമായി നടപ്പാക്കാൻ സർക്കാർ ആലോചിക്കുന്നു. ഇതിനായി കർണാടകയിൽ നടപ്പിലുള്ള ‘നോ ഐഡി, നോ എൻട്രി’ മാതൃക കേരളത്തിലും കൊണ്ടുവരുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.

പുതിയ സംവിധാനപ്രകാരം മദ്യം വാങ്ങാനെത്തുന്നവരുടെ പ്രായത്തിൽ സംശയം തോന്നിയാൽ തിരിച്ചറിയൽ രേഖ നിർബന്ധമായും ഹാജരാക്കേണ്ടിവരും. പ്രായം തെളിയിക്കുന്ന രേഖ ഇല്ലെങ്കിൽ മദ്യവിൽപ്പന അനുവദിക്കില്ല.

വീര്യം കുറഞ്ഞ മദ്യങ്ങളുടെ വിൽപ്പന യുവാക്കളെ ലക്ഷ്യമിടുന്നതായി ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രായപരിധി സംബന്ധിച്ച നിയന്ത്രണം കൂടുതൽ കർശനമാക്കാൻ സർക്കാർ നീങ്ങുന്നത്. ഇതുസംബന്ധിച്ച ഫയൽ എക്സൈസ് മന്ത്രി പരിശോധിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.

കേരളത്തിൽ മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി ആദ്യം 18 വയസായിരുന്നു. പിന്നീട് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് അത് 21 വയസായി ഉയർത്തി. ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ഇത് വീണ്ടും 23 വയസാക്കി വർധിപ്പിച്ചു.

എന്നാൽ നിലവിലെ നിയമം കൃത്യമായി നടപ്പിലാകുന്നില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് കർണാടക മാതൃകയിലുള്ള കർശന പരിശോധന സംവിധാനം നടപ്പാക്കുന്നത് സർക്കാർ പരിഗണിക്കുന്നത്.

Share