പിണങ്ങി കഴിയുന്ന ഭാര്യയെ കൂട്ടിക്കൊണ്ടുപോകാനെത്തി; യുവാവിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി സഹോദരന്‍; രക്ഷിക്കാന്‍ ശ്രമിച്ച ഭാര്യയുടെ സഹോദരിയും മരിച്ചു

Published by
ജനം വെബ്‌ഡെസ്ക്

ചണ്ഡീഗഡ്: പിണങ്ങി കഴിയുകയായിരുന്ന ഭാര്യയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനെത്തിയ യുവാവിനെ ഭാര്യയുടെ സഹോദരന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. രക്ഷിക്കാന്‍ ശ്രമിച്ച ഭാര്യയുടെ സഹോദരിയും ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. പഞ്ചാബിലെ തര്‍ണ്‍തരണ്‍ ജില്ലയിലാണ് സംഭവം.

അമൃത്സര്‍ ജില്ലയിലെ ലോപോകെ സ്വദേശിയായ ലവ്പ്രീത് സിങ്ങാണ് കൊല്ലപ്പെട്ടത്. തീപിടിത്തത്തില്‍ പൊള്ളലേറ്റ ഭാര്യയുടെ സഹോദരി ഗുരുജിത് കൗര്‍ ദിവസങ്ങള്‍ക്കുശേഷം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയതായി പോലീസ് അറിയിച്ചു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങളില്‍ ലവ്പ്രീതും പ്രതിയായ സജന്‍ സിങ്ങും തമ്മില്‍ ആദ്യം വാക്കേറ്റവും പിടിവലിയും നടക്കുന്നതും തുടര്‍ന്ന് സജന്‍ സിംഗ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുന്നതും കാണാം.

തീപിടിത്തത്തെ തുടര്‍ന്ന് ലവ്പ്രീതും സമീപത്തുണ്ടായിരുന്ന ഗുരുജിത് കൗറും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇരുവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റു. നാട്ടുകാര്‍ ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ലവ്പ്രീത് ആക്രമണത്തിന് പിന്നാലെ തന്നെ മരിച്ചു. ഗുരുജിത് കൗര്‍ പിന്നീട് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.

സംഭവത്തില്‍ സജന്‍ സിങ്ങിനെ കൊലക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് ലവ്പ്രീതിന്റെ ഭാര്യ സന്ദീപ് കൗറിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഒമ്പത് മാസം മുന്‍പാണ് ലവ്പ്രീതും സന്ദീപ് കൗറും വിവാഹിതരായത്. കുടുംബവഴക്കിനെ തുടര്‍ന്ന് സന്ദീപ് കൗര്‍ വിവാഹശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങി താമസിക്കുകയായിരുന്നു. ഭാര്യയെ തിരിച്ചുകൊണ്ടുപോകാനാണ് ജൂണ്‍ 13-ന് ലവ്പ്രീത് ഭാര്യവീട്ടിലെത്തിയതെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

Share