ഫിലഡല്‍ഫിയ: ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെയുടെ നിര്‍ണായക പെനാല്‍റ്റി ഗോളിന്റെ കരുത്തില്‍ മുന്‍ ലോകചാമ്പ്യന്‍മാരായ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പാരഗ്വെയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഫ്രാന്‍സ് കീഴടക്കിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയാണ് ഫ്രാന്‍സിന്റെ എതിരാളികള്‍.
മത്സരത്തിന്റെ തുടക്കത്തില്‍ ഇരു ടീമുകളും സൂക്ഷ്മതയോടെയാണ് കളം പിടിച്ചത്. പന്തടക്കത്തില്‍ മേല്‍ക്കൈ നേടിയ ഫ്രാന്‍സ് ആക്രമണങ്ങള്‍ മെനഞ്ഞെങ്കിലും ആദ്യപകുതിയില്‍ ഗോള്‍ കണ്ടെത്താനായില്ല. അതേസമയം, പാരഗ്വെയും തിരിച്ചടികളിലൂടെ ഫ്രഞ്ച് പ്രതിരോധത്തെ പരീക്ഷിച്ചു. 28-ാം മിനിറ്റില്‍ ഡീഗോ ഗോമസിന് ലഭിച്ച മികച്ച അവസരം ലക്ഷ്യത്തിലെത്തിക്കാനാകാതെ പോയത് പാരഗ്വെയ്‌ക്ക് തിരിച്ചടിയായി.
ആദ്യപകുതിയുടെ അവസാനത്തോടെ മത്സരം കൂടുതല്‍ ആവേശകരവും പരുക്കനുമായി. എംബാപ്പെയെ തുടര്‍ച്ചയായി ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് താരങ്ങള്‍ തമ്മില്‍ രണ്ട് തവണ വാക്കേറ്റവും തള്ളിക്കയറ്റവും ഉണ്ടായി. റഫറിയുടെ ഇടപെടലാണ് കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കിയത്. രണ്ടാം പകുതിയില്‍ ഫ്രാന്‍സ് ആക്രമണങ്ങളുടെ വേഗം കൂട്ടി.
എംബാപ്പെയും ഒസ്മാന്‍ ഡെംബെലെയും തുടര്‍ച്ചയായി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും പാരഗ്വെ ഗോള്‍കീപ്പര്‍ ഓര്‍ലാന്‍ഡോ ഗില്‍ നടത്തിയ മികച്ച സേവുകള്‍ ഫ്രാന്‍സിനെ നിരാശപ്പെടുത്തി. എന്നാല്‍ 70-ാം മിനിറ്റില്‍ മത്സരത്തിലെ നിര്‍ണായക നിമിഷം എത്തി. ബോക്‌സിനുള്ളില്‍ എംബാപ്പെയെ വീഴ്‌ത്തിയതിന് റഫറി ആദ്യം കളി തുടര്‍ന്നെങ്കിലും വീഡിയോ അസിസ്റ്റന്റ് റഫറി പരിശോധനയ്‌ക്ക് ശേഷം പെനാല്‍റ്റി അനുവദിച്ചു.
കിക്കെടുത്ത എംബാപ്പെ പിഴവില്ലാതെ പന്ത് വലയിലെത്തിച്ചതോടെ ഫ്രാന്‍സ് മത്സരത്തില്‍ ലീഡ് നേടി. അവസാന മിനിറ്റുകളില്‍ സമനിലയ്‌ക്കായി പാരഗ്വെ ശ്രമിച്ചെങ്കിലും ഫ്രഞ്ച് പ്രതിരോധം അവസരമൊന്നും അനുവദിച്ചില്ല. ഒടുവില്‍ എംബാപ്പെയുടെ ഏക ഗോളില്‍ വിജയിച്ച ഫ്രാന്‍സ് അവസാന എട്ടിലേക്ക് മുന്നേറി. ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയെ നേരിടാനാണ് ഫ്രാന്‍സിന്റെ അടുത്ത ലക്ഷ്യം.