ഷാര്‍ജ: ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ അബദ്ധത്തില്‍ ലൈവായി പുറത്തായതിന് പിന്നാലെ മലയാളി വ്ലോഗര്‍ അബ്ദുല്‍ ഹക്കീം യുഎഇയില്‍ അറസ്റ്റിലായി. ‘എന്റെ കാസെറ്റ്’ എന്ന സോഷ്യല്‍ മീഡിയ പേജിലൂടെ ശ്രദ്ധ നേടിയ ഹക്കീമിനെ ഷാര്‍ജ പോലീസാണ് കസ്റ്റഡിയിലെടുത്തത്. ലഹരിവിരുദ്ധ പ്രവര്‍ത്തകനെന്ന പ്രതിച്ഛായയിലായിരുന്നു ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നത്. എന്നാല്‍ കേരളത്തിലും ഇയാള്‍ക്കെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നാണ് വിവരം.
യുഎഇയിലെ താമസസ്ഥലത്ത് ലഹരി ഉപയോഗിക്കുന്നതിനിടെ ‘കിക്ക്’ പ്ലാറ്റ്‌ഫോമില്‍ അബദ്ധത്തില്‍ ലൈവ് സ്ട്രീമിങ് ആരംഭിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ വളരെ വേഗത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടു. പിന്നാലെ രാജ്യം വിടാന്‍ ശ്രമിച്ച ഹക്കീമിനെ അതിര്‍ത്തിയില്‍വെച്ചാണ് ഷാര്‍ജ പോലീസ് പിടികൂടിയത്.
ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ലക്ഷ്യമിടുന്ന ലഹരിമാഫിയയെക്കുറിച്ച് നിരവധി വീഡിയോകള്‍ മുമ്പ് ഹക്കീം ചെയ്തിരുന്നു. ലഹരിവിരുദ്ധ പ്രവര്‍ത്തകനെന്ന നിലയില്‍ നേടിയ ജനപ്രീതിക്കിടെയാണ് ഇപ്പോള്‍ ഇയാള്‍ തന്നെ ലഹരി ഉപയോഗക്കേസില്‍ കുടുങ്ങിയിരിക്കുന്നത്.
അതേസമയം, ഹക്കീമിനെതിരെ കേരളത്തിലും വിവിധ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എറണാകുളത്തെ ഒരു യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയ കേസും അതിലുണ്ട്. കൂടാതെ, സോഷ്യല്‍ മീഡിയയിലെ സ്വാധീനം ഉപയോഗിച്ച് സിനിമാ പ്രവര്‍ത്തകരെ ഉള്‍പ്പെടെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
ഒരു പ്രമുഖ ചലച്ചിത്ര താരത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച ശേഷം 25 ലക്ഷം രൂപ വാങ്ങി വിഷയം ഒത്തുതീര്‍പ്പാക്കിയെന്ന ആരോപണവും അടുത്തിടെ വീണ്ടും ചര്‍ച്ചയായിരുന്നു. ഈ ഇടപാടിനെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നുവെന്നും 25 ലക്ഷം രൂപ കൈമാറിയിരുന്നുവെന്നും ഗായകന്‍ ഹനാന്‍ ഷാ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. യുഎഇയിലെ കേസുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.