തിരുവനന്തപുരം: കോഴിമുട്ടയുടെ വില കുത്തനെ ഉയര്‍ന്നതോടെ അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഗുണനിലവാരമില്ലാത്ത ‘ബുള്ളറ്റ് മുട്ടകള്‍’ ജില്ലയിലേക്ക് വ്യാപകമായി എത്തുന്നതായി പരാതി. സാധാരണ മുട്ടയേക്കാള്‍ കുറഞ്ഞ വിലയ്‌ക്ക് വില്‍ക്കുന്നതിനാല്‍ വഴിയോര കച്ചവടത്തിലൂടെയും ഹോട്ടലുകള്‍, ബേക്കറികള്‍, തട്ടുകടകള്‍ എന്നിവിടങ്ങളിലേക്കും ഇത്തരം മുട്ടകള്‍ വ്യാപകമായി വിതരണം ചെയ്യപ്പെടുന്നതായാണ് വിവരം.
വിലക്കുറവാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന പ്രധാന കാരണം. എന്നാല്‍, ഗുണനിലവാരമില്ലാത്ത ഈ മുട്ടകള്‍ ചില സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിനായി പോലും വാങ്ങുന്നുവെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. അതിനാല്‍ കുട്ടികളുടെ ആരോഗ്യസുരക്ഷ സംബന്ധിച്ച് ആശങ്ക ശക്തമാകുകയാണ്. കോഴികളുടെ അണ്ഡവാഹിനിയിലെ തകരാറുകളോ ശ്വാസകോശ സംബന്ധമായ രോഗങ്ങളോ എഗ് ഡ്രോപ്പ് സിന്‍ഡ്രോം പോലുള്ള വൈറസ് ബാധകളോ മൂലമാണ് അസാധാരണ ആകൃതിയിലുള്ള ബുള്ളറ്റ് മുട്ടകള്‍ രൂപപ്പെടുന്നത്.
ഗുണനിലവാരക്കുറവിനെ തുടര്‍ന്ന് ഫാമുകളില്‍ ഇവ വളരെ കുറഞ്ഞ വിലയ്‌ക്ക് റിജക്ട് ചെയ്യുന്നതാണ്. പിന്നീട് ഇടനിലക്കാര്‍ ഇവ ശേഖരിച്ച് കേരളത്തിലെ വിപണികളില്‍ വിലക്കുറവില്‍ വില്‍ക്കുന്നതായാണ് ആരോപണം. 30 മുട്ടകളുള്ള ഒരു ട്രേയ്‌ക്ക് ഏകദേശം 160 രൂപ മാത്രമാണ് വിലയെന്നതിനാല്‍ വ്യാപാരികളും ഉപഭോക്താക്കളും ഇവയിലേക്ക് തിരിയുകയാണ്. ചെക്കുപോസ്റ്റുകളില്‍ മതിയായ പരിശോധനയില്ലാത്തതും ഇത്തരം മുട്ടകളുടെ വരവ് വര്‍ധിക്കാന്‍ കാരണമായതായി ആരോപണമുണ്ട്.
അതേസമയം, ബുള്ളറ്റ് മുട്ടകളില്‍ നടത്തിയ ലബോറട്ടറി പരിശോധനകളില്‍ മനുഷ്യര്‍ക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ള സാല്‍മൊണല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യക്തമാക്കുന്നു. ഇത്തരം മുട്ടകള്‍ കഴിച്ചാല്‍ കടുത്ത വയറിളക്കം, ഛര്‍ദ്ദി, വയറുവേദന, പനി തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്കും ഇത് കൂടുതല്‍ അപകടകരമാകുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
വഴിയോരങ്ങളില്‍ വാഹനങ്ങളില്‍ നിന്ന് വിലക്കുറവില്‍ നടക്കുന്ന മുട്ടവില്‍പ്പന കര്‍ശനമായി നിയന്ത്രിക്കണമെന്നും വിപണിയിലെ മുട്ടകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ പ്രത്യേക പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തണമെന്നും വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.