വിശാഖപട്ടണം: ഇന്ത്യയുടെ തദ്ദേശീയ യുദ്ധക്കപ്പല്‍ നിര്‍മാണ ശേഷിക്കും സമുദ്ര പ്രതിരോധ ശക്തിക്കും കൂടുതല്‍ കരുത്തേകുന്ന മറ്റൊരു നാഴികക്കല്ലായി, പ്രോജക്ട് 17എ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ആറാമത്തെ തദ്ദേശീയ സ്റ്റെല്‍ത്ത് ഫ്രിഗേറ്റായ ഐഎന്‍എസ് മഹേന്ദ്രഗിരി (എഫ്38) ജൂലൈ 11ന് വിശാഖപട്ടണത്ത് ഇന്ത്യന്‍ നാവികസേനയില്‍ കമ്മിഷന്‍ ചെയ്യും. ഇന്ത്യന്‍ നാവികസേനയുടെ വാര്‍ഷിപ്പ് ഡിസൈന്‍ ബ്യൂറോ രൂപകല്‍പ്പന ചെയ്ത കപ്പല്‍, മുംബൈയിലെ മസഗോണ്‍ ഡോക്ക് ഷിപ്പ്ബില്‍ഡേഴ്സ് ലിമിറ്റഡ് ആണ് നിര്‍മിച്ചത്. പ്രോജക്ട് 17എയുടെ ഭാഗമായി വികസിപ്പിച്ച ആറാമത്തെ അത്യാധുനിക സ്റ്റെല്‍ത്ത് ഫ്രിഗേറ്റാണിത്.
75 ശതമാനത്തിലധികം തദ്ദേശീയ ഘടകങ്ങള്‍ ഉപയോഗിച്ചാണ് യുദ്ധക്കപ്പല്‍ നിര്‍മ്മിച്ചിരിക്കുന്നത്. പ്രതിരോധ മേഖലയിലെ ‘ആത്മനിര്‍ഭര്‍ ഭാരത്’ പദ്ധതിയുടെ ഭാഗമായി ആഭ്യന്തര പ്രതിരോധ ഉല്‍പ്പാദനം ശക്തിപ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ നേട്ടമെന്ന് നാവികസേന അറിയിച്ചു. കിഴക്കന്‍ ഘട്ടത്തിലെ മഹേന്ദ്രഗിരി പര്‍വതനിരയുടെ പേരാണ് യുദ്ധക്കപ്പലിന് നല്‍കിയിരിക്കുന്നത്. ഈ പേര് വഹിക്കുന്ന ആദ്യ ഇന്ത്യന്‍ നാവികസേനാ കപ്പലാണിത്.
കരുത്തിന്റെയും പ്രതിരോധശേഷിയുടെയും അചഞ്ചലമായ നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമായാണ് ഈ പേര് തിരഞ്ഞെടുക്കപ്പെട്ടതെന്നും, ഇന്ത്യയുടെ സമുദ്രചരിത്രത്തില്‍ പുതിയ അധ്യായം കുറിക്കാനാകുമെന്നുമാണ് നാവികസേനയുടെ പ്രതീക്ഷ. ശത്രുറഡാറുകളുടെ ശ്രദ്ധയില്‍പ്പെടാനുള്ള സാധ്യത കുറയ്‌ക്കുന്ന സ്റ്റെല്‍ത്ത് സാങ്കേതികവിദ്യ, ഉയര്‍ന്ന അതിജീവനശേഷി, കുറഞ്ഞ റഡാര്‍ സിഗ്‌നേച്ചര്‍, ഉയര്‍ന്ന തോതിലുള്ള ഓട്ടോമേഷന്‍ എന്നിവയാണ് ഐഎന്‍എസ് മഹേന്ദ്രഗിരിയുടെ പ്രധാന സവിശേഷതകള്‍. കോമ്പൈന്‍ഡ് ഡീസല്‍ ഓര്‍ ഗ്യാസ് പ്രൊപ്പല്‍ഷന്‍ സംവിധാനമാണ് കപ്പലില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിലൂടെ ഉയര്‍ന്ന വേഗതയിലും ദീര്‍ഘദൂര സമുദ്ര ദൗത്യങ്ങളിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കപ്പലിന് കഴിയും.
ഉപരിതലത്തില്‍ നിന്ന് ഉപരിതലത്തിലേക്കും ഉപരിതലത്തില്‍ നിന്ന് ആകാശത്തേക്കും പ്രഹരിക്കാന്‍ കഴിയുന്ന മിസൈല്‍ സംവിധാനങ്ങള്‍, ഇലക്ട്രോണിക് വാര്‍ഫെയര്‍ സംവിധാനങ്ങള്‍, അന്തര്‍വാഹിനി വിരുദ്ധ സാങ്കേതികവിദ്യ, സംയോജിത കോംബാറ്റ് മാനേജ്‌മെന്റ് സിസ്റ്റം എന്നിവ ഉള്‍പ്പെടുന്ന അത്യാധുനിക തദ്ദേശീയ ആയുധ-സെന്‍സര്‍ സംവിധാനങ്ങളാണ് ഐഎന്‍എസ് മഹേന്ദ്രഗിരിയില്‍ സജ്ജീകരിച്ചിരിക്കുന്നത്.
വ്യോമാക്രമണങ്ങളെ പ്രതിരോധിക്കല്‍, ഉപരിതല യുദ്ധം, അന്തര്‍വാഹിനി വിരുദ്ധ ദൗത്യങ്ങള്‍ എന്നിവയ്‌ക്കൊപ്പം സമുദ്രസുരക്ഷ, തിരച്ചില്‍-രക്ഷാപ്രവര്‍ത്തനങ്ങള്‍, മാനുഷിക സഹായവും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും, ദീര്‍ഘകാല സമുദ്ര സാന്നിധ്യ ദൗത്യങ്ങള്‍ എന്നിവയും നിര്‍വഹിക്കാന്‍ കപ്പലിന് കഴിയും. യുദ്ധക്കപ്പലിന്റെ നിര്‍മ്മാണത്തില്‍ രാജ്യത്തെ നിരവധി മൈക്രോ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങള്‍ പങ്കാളികളായതായി നാവികസേന അറിയിച്ചു. ഇതിലൂടെ തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം ഇന്ത്യയുടെ പ്രതിരോധ വ്യവസായ ശൃംഖലയ്‌ക്കും കൂടുതല്‍ കരുത്ത് ലഭിച്ചുവെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രോജക്ട് 17എയുടെ ഭാഗമായി തുടര്‍ച്ചയായി സ്റ്റെല്‍ത്ത് ഫ്രിഗേറ്റുകള്‍ നാവികസേനയില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ഇന്ത്യയുടെ നാവികസേനയെ കൂടുതല്‍ ആധുനികവത്കരിക്കുകയാണ് ലക്ഷ്യം. ഐഎന്‍എസ് മഹേന്ദ്രഗിരിയുടെ കമ്മിഷനിംഗ് ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ ഇന്ത്യയുടെ സമുദ്രശേഷി കൂടുതല്‍ ശക്തിപ്പെടുത്തുകയും ഇന്‍ഡോ-പസഫിക് മേഖലയിലെ സമാധാനത്തിനും സുരക്ഷയ്‌ക്കും സ്ഥിരതയ്‌ക്കും ഇന്ത്യയുടെ സംഭാവന കൂടുതല്‍ വിപുലമാക്കുകയും ചെയ്യുമെന്ന് നാവികസേന വിലയിരുത്തുന്നു.















