തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം നേതാവ് ഐ.പി. ബിനു ഉൾപ്പെടെ 13 സിപിഎം പ്രവർത്തകർക്ക് തിരുവനന്തപുരം ജില്ലാ കോടതി ജാമ്യം നിഷേധിച്ചു. ചോദ്യംചെയ്യലും പ്രാഥമിക തെളിവെടുപ്പും പൂർത്തിയായതിനാൽ ജാമ്യം അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
കേന്ദ്ര അന്വേഷണ ഏജൻസിയുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത സംഭവം അതീവ ഗൗരവമുള്ള കുറ്റമാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ച ശേഷമാണ് ജാമ്യാപേക്ഷ തള്ളിയത്.
മെയ് 27-ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയുടെ വസതിയിൽ ഇഡി നടത്തിയ റെയ്ഡിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം. റെയ്ഡിന്റെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സിപിഎം പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിക്കുകയും അന്വേഷണ സംഘത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുകയും ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയും ചെയ്തുവെന്നാണ് കേസ്.
സംഭവത്തെ തുടർന്ന് പാളയം ലോക്കൽ സെക്രട്ടറി ഐ.പി. ബിനു ഉൾപ്പെടെയുള്ളവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. ഇഡി ഉദ്യോഗസ്ഥർക്കുനേരെ കൊലവിളിയുമായി പാഞ്ഞടുത്തതായും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
സംഭവത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനായി പ്രതികളിൽ ചിലരുടെ മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ അറിയിച്ചു. പരിശോധനാഫലം ലഭിച്ചശേഷമേ ഗൂഢാലോചനയിൽ മറ്റ് പ്രമുഖരുടെ പങ്ക് സംബന്ധിച്ച് വ്യക്തത വരികയുള്ളുവെന്നും കോടതിയിൽ വാദിച്ചു.
മുൻവൈരാഗ്യമൊന്നുമില്ലാത്ത സർക്കാർ ഉദ്യോഗസ്ഥർ ഔദ്യോഗിക കർത്തവ്യം നിർവഹിക്കുന്നതിനിടെയാണ് ആക്രമണം നടന്നതെന്നും അന്വേഷണം ഇപ്പോഴും നിർണായക ഘട്ടത്തിലാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികളെ ജാമ്യത്തിൽ വിടരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. ഈ വാദങ്ങൾ അംഗീകരിച്ച കോടതി 13 പ്രതികളുടെയും ജാമ്യാപേക്ഷ തള്ളുകയായിരുന്നു.