തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയും ശക്തമായ കാറ്റും തുടരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥാ വകുപ്പും മുന്നറിയിപ്പ് നൽകി.
കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ടും, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അതിതീവ്ര മഴ കുറഞ്ഞ സമയത്തിനുള്ളിൽ വലിയ അളവിൽ പെയ്യാൻ സാധ്യതയുള്ളതിനാൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ, മിന്നൽപ്രളയം എന്നിവയ്‌ക്കുള്ള സാധ്യതയും വർധിക്കുമെന്ന് അധികൃതർ അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്.
മലയോര മേഖലയിലുള്ളവർക്ക് പ്രത്യേക ജാഗ്രത
മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലെ താമസക്കാർ സുരക്ഷിത കേന്ദ്രങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ പകൽസമയത്ത് തന്നെ മാറാൻ തയ്യാറാകണം. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടുന്ന താഴ്ന്ന പ്രദേശങ്ങളിലുള്ളവരും സാഹചര്യം വിലയിരുത്തി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് നിർദേശമുണ്ട്.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മേൽക്കൂര ബലഹീനമായ വീടുകളിലും അടച്ചുറപ്പില്ലാത്ത കെട്ടിടങ്ങളിലുമുള്ളവർ പ്രത്യേകം ജാഗ്രത പാലിക്കണം. അപകടഭീഷണിയുള്ള മരങ്ങൾ, വൈദ്യുതിത്തൂണുകൾ, പരസ്യബോർഡുകൾ, മതിലുകൾ തുടങ്ങിയവ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും നിർദേശമുണ്ട്.
യാത്രകളിലും ജലാശയങ്ങളിലും കർശന ജാഗ്രത
മഴ ശക്തമാകുന്ന സമയങ്ങളിൽ അനാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കണം. വെള്ളച്ചാട്ടങ്ങൾ, ഡാമുകൾ, നദികൾ, ജലാശയങ്ങൾ, മലയോര വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ മഴ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അഭ്യർഥിച്ചു.
നദികൾ മുറിച്ചുകടക്കാനോ ജലാശയങ്ങളിൽ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കായി ഇറങ്ങാനോ പാടില്ല. ജലാശയങ്ങൾക്ക് മുകളിലുള്ള പാലങ്ങളിൽ കാഴ്ച കാണാനോ സെൽഫിയെടുക്കാനോ കൂട്ടംകൂടി നിൽക്കാനോ പാടില്ലെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
തീരദേശ മേഖലയിലും ജാഗ്രത
കേരള തീരത്ത് കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികളും ജാഗ്രത പാലിക്കണം. മത്സ്യബന്ധന ഉപകരണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനും ആവശ്യമായാൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനും നിർദേശമുണ്ട്.
അതേസമയം, ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴാനും വൈദ്യുതി ലൈനുകൾ പൊട്ടി അപകടങ്ങൾ ഉണ്ടാകാനും സാധ്യതയുള്ളതിനാൽ വെള്ളക്കെട്ടുകളിലൂടെ നടക്കുന്നതിന് മുമ്പ് വൈദ്യുതി അപകടസാധ്യതയില്ലെന്ന് ഉറപ്പാക്കണമെന്ന് അധികൃതർ അറിയിച്ചു. വൈദ്യുതി ലൈനുകളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ 1912 എന്ന നമ്പറിൽ കെഎസ്ഇബിയെ അറിയിക്കാം.
അപകടസാധ്യത നേരിടുന്ന സാഹചര്യങ്ങളിലോ അടിയന്തര സഹായത്തിനായോ 1070, 1077 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ പ്രവർത്തിക്കുന്ന ജില്ലാ, താലൂക്ക് ദുരന്തനിവാരണ കൺട്രോൾ റൂമുകളുമായി പൊതുജനങ്ങൾക്ക് ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.















