ഭോപ്പാൽ: മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരിയുടെ സഹോദരൻ നാനാ പട്വാരിയെ ലഹരിമരുന്ന് കേസിൽ ഇൻഡോർ പോലീസ് കസ്റ്റഡിയിലെടുത്തു. ബ്രൗൺ ഷുഗർ കടത്ത് കേസിൽ അറസ്റ്റിലായ രണ്ട് പ്രതികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഇൻഡോറിൽ നടത്തിയ പരിശോധനയിലാണ് രണ്ട് ലഹരിക്കടത്തുകാരിൽ നിന്ന് ബ്രൗൺ ഷുഗർ പിടിച്ചെടുത്തത്. ചോദ്യംചെയ്യലിനിടെ പിടിയിലായവർ, പിടിച്ചെടുത്ത ലഹരിമരുന്ന് നാനാ പട്വാരിക്ക് കൈമാറാനാണ് എത്തിയതെന്ന് പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഇൻഡോർ പോലീസ് നാനാ പട്വാരിയെ കസ്റ്റഡിയിലെടുത്തത്.
പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നാനാ പട്വാരിയുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളിൽ പോലീസ് പരിശോധന നടത്തിയതായും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ലഹരിമരുന്ന് ശൃംഖലയുമായി ഇയാൾക്ക് നേരിട്ടുള്ള ബന്ധമുണ്ടോയെന്നും സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മൊബൈൽ ഫോൺ വിവരങ്ങളും കോൾ റെക്കോർഡുകളും ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളും പോലീസ് പരിശോധിക്കുന്നുണ്ട്.
നിലവിൽ ചോദ്യംചെയ്യൽ തുടരുകയാണ്. നാനാ പട്വാരിയുടെ പങ്ക് സംബന്ധിച്ച തെളിവുകൾ ശേഖരിച്ചുവരികയാണെന്നും അന്വേഷണം പൂർത്തിയായ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ഇൻഡോർ പോലീസ് അറിയിച്ചു.















