തിരുവനന്തപുരം: കേരളത്തിലെ ഹൈന്ദവ സമൂഹവുമായി ബന്ധപ്പെട്ട നിർണായക വിഷയങ്ങൾ ഉന്നയിച്ച് ഹിന്ദു ഐക്യവേദി പ്രതിനിധിസംഘം മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദർശിച്ചു. മതാടിസ്ഥാനത്തിലുള്ള സംവരണം അവസാനിപ്പിക്കുക, ക്ഷേത്രഭൂമികൾ തിരിച്ചുപിടിക്കുക, ശബരിമല പ്രക്ഷോഭ കേസുകൾ പിൻവലിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ച നിവേദനമാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്.
കെ.പി. ശശികലയുടെ നേതൃത്വത്തിൽ എത്തിയ പ്രതിനിധിസംഘം, എറണാകുളത്ത് കഴിഞ്ഞ മാസം നടന്ന ഹിന്ദു നേതൃസമ്മേളനത്തിൽ അംഗീകരിച്ച പ്രമേയങ്ങളാണ് സർക്കാരിന് മുന്നിൽ അവതരിപ്പിച്ചത്. വിഷയങ്ങൾ അനുഭാവപൂർവം കേട്ട മുഖ്യമന്ത്രി ആവശ്യങ്ങൾ പരിശോധിക്കാമെന്ന് അറിയിച്ചതായി ഹിന്ദു ഐക്യവേദി ഭാരവാഹികൾ വ്യക്തമാക്കി.
നിവേദനത്തിൽ ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ ഇവയാണ്…
- മതാടിസ്ഥാനത്തിലുള്ള സംവരണം അവസാനിപ്പിക്കുക.
- സംവരണ ആനുകൂല്യങ്ങൾ അർഹരായ പിന്നാക്ക സമൂഹങ്ങൾക്ക് നൽകുക.
- മതം മാറുന്ന പട്ടികവർഗ വിഭാഗങ്ങൾക്ക് സംവരണം അനുവദിക്കുന്ന രീതി അവസാനിപ്പിക്കുക.
- നഷ്ടപ്പെട്ട ക്ഷേത്രഭൂമികൾ തിരിച്ചുപിടിക്കാൻ അടിയന്തര നടപടി.
- ശബരിമല യുവതി പ്രവേശന സമരവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുക.
- ഗുരുവായൂർ പാർഥസാരഥി ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾ ഭക്തർക്കായി തിരിച്ചുനൽകുക.
- കാലടി സംസ്കൃത സർവകലാശാലയുടെ സ്വത്വം സംരക്ഷിക്കുകയും സംസ്കൃത പഠനം ശക്തിപ്പെടുത്തുകയും ചെയ്യുക.
- ഹിന്ദു സമൂഹത്തിന്റെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേക കമ്മീഷൻ രൂപീകരിക്കുക.
- OBC വിഭാഗത്തിലെ OBH വിഭാഗത്തിന് ജനസംഖ്യാനുപാതിക സംവരണം ഉറപ്പാക്കുക.
- പട്ടികജാതി-പട്ടികവർഗ ഫണ്ടുകൾ വെട്ടിക്കുറയ്‌ക്കുന്നതും ലാപ്സാക്കുന്നതും തടയാൻ നിയമനിർമാണം നടത്തുക.
സംസ്ഥാന അധ്യക്ഷൻ ആർ.വി. ബാബു, മുഖ്യ രക്ഷാധികാരി കെ.പി. ശശികല, ഓൾ ഇന്ത്യ ബ്രാഹ്മണ ഫെഡറേഷൻ ഉപാധ്യക്ഷൻ സുബ്രഹ്മണ്യൻ മൂസ്സത്, പ്രൊഫ. പി.കെ. ഗോപിനാഥൻ, മോഹൻ ത്രിവേണി, കെ.വി. ശിവൻ എന്നിവരും മുഖ്യമന്ത്രിയെ സന്ദർശിച്ച സംഘത്തിലുണ്ടായിരുന്നു.















