ബിഷ്‌കെക്ക് (കിര്‍ഗിസ്ഥാന്‍): മഹാഭാരതത്തെയും കിര്‍ഗിസ്ഥാന്റെ ദേശീയ ഇതിഹാസമായ മനാസിനെയും ആസ്പദമാക്കി സാംസ്‌കാരിക പഠനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കിര്‍ഗിസ്ഥാനില്‍ ഇന്റര്‍നാഷണല്‍ സിവിലൈസേഷണല്‍ സ്റ്റഡി സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യയും കിര്‍ഗിസ്ഥാനും തമ്മിലുള്ള ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഗവേഷണകേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്.
ന്യൂഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ സ്റ്റഡീസ് ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ്‌ന്റെ സഹകരണത്തോടെ മനാസ് നാഷണല്‍ അക്കാദമിയാണ് ബിഷ്‌കെക്കില്‍ പഠനകേന്ദ്രം സ്ഥാപിച്ചത്. ഉദ്ഘാടനച്ചടങ്ങില്‍ ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ മുഖ്യാതിഥിയായി പങ്കെടുത്തു.
മഹാഭാരതവും മനാസ് ഇതിഹാസവും ഉയര്‍ത്തിപ്പിടിക്കുന്ന സാംസ്‌കാരിക മൂല്യങ്ങളും ജീവിതദര്‍ശനങ്ങളും തമ്മിലുള്ള സാമ്യങ്ങളും ചരിത്രപരമായ ബന്ധങ്ങളുമാണ് പഠനകേന്ദ്രത്തിലെ പ്രധാന ഗവേഷണവിഷയങ്ങള്‍. ഇന്ത്യയിലെയും കിര്‍ഗിസ്ഥാനിലെയും ജനതകള്‍ തമ്മിലുള്ള ദീര്‍ഘകാല സാംസ്‌കാരിക ബന്ധത്തിന്റെ പ്രതീകമാണ് ഈ സംരംഭമെന്ന് സുനില്‍ ആംബേക്കര്‍ പറഞ്ഞു.
ഭാരതീയ സംസ്‌കാരത്തെ മഹാഭാരതം ആഴത്തില്‍ സ്വാധീനിച്ചതുപോലെ, മനാസ് ഇതിഹാസം നൂറ്റാണ്ടുകളായി കിര്‍ഗിസ് ജനതയുടെ ആത്മീയവും സാംസ്‌കാരികവുമായ കരുത്തായി നിലകൊള്ളുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങിനിടെ മനാസ് ഇതിഹാസത്തിന്റെ ഹിന്ദി വിവര്‍ത്തനവും പ്രകാശനം ചെയ്തു. ഇന്ത്യ സെന്‍ട്രല്‍ ഏഷ്യ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പ്രൊഫ. രമാകാന്ത് ദ്വിവേദിയും ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ റഷ്യന്‍ ഭാഷാ സാഹിത്യ കേന്ദ്രത്തിന്റെ മുന്‍ ഡയറക്ടര്‍ പ്രൊഫ. ഹേമചന്ദ്ര പാണ്ഡെയും ചേര്‍ന്നാണ് വിവര്‍ത്തനം നിര്‍വഹിച്ചത്.
പഠനകേന്ദ്രം യാഥാര്‍ഥ്യമാക്കുന്നതില്‍ മനാസ് നാഷണല്‍ അക്കാദമി പ്രസിഡന്റ് പ്രൊഫ. നസീറ അലി കിസിയുടെയും ഗുല്‍സാത്തിന്റെയും നേതൃത്വത്തിന് നിര്‍ണായക പങ്കുണ്ടായിരുന്നുവെന്ന് സുനില്‍ ആംബേക്കര്‍ പറഞ്ഞു. കിര്‍ഗിസ് റിപ്പബ്ലിക്കിന്റെ ശാസ്ത്ര-ഉന്നത വിദ്യാഭ്യാസ ഉപമന്ത്രി ദുരുസ്ബെക്ക് കൊസുവേവ്, സാംസ്‌കാരിക-കായിക-യുവജന നയ ഉപമന്ത്രി സാല്‍കിന്‍ സര്‍നോഗോവ്, ഇന്ത്യയുടെ അംബാസഡര്‍ ബിരേന്ദര്‍ സിംഗ് യാദവ്, സി.എസ്.ഐ.ആര്‍ ഓണററി ഡയറക്ടര്‍ ഡോ. പുനിത് ഗൗര്‍ എന്നിവരും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.















