ഐസ്ക്രീം നൽകാത്തതിനെച്ചൊല്ലി കല്യാണവിരുന്നിൽ കൂട്ടയടി; കൊല്ലത്ത് വിവാഹവേദിയിൽ സംഘർഷം

Published by
ജനം വെബ്‌ഡെസ്ക്

കൊല്ലം: ഐസ്ക്രീം നൽകാത്തതിനെച്ചൊല്ലി വിവാഹവിരുന്നിൽ കൂട്ടയടി. കൊല്ലം പള്ളിമുക്കിലെ ബി.എസ്.എ ഓഡിറ്റോറിയത്തിൽ ഇന്നലെയാണ് സംഭവം നടന്നത്. പെൺവീട്ടുകാരും കാറ്ററിംഗ് ജീവനക്കാരും തമ്മിലുണ്ടായ വാക്കുതർക്കമാണ് പിന്നീട് കൂട്ടയടിയിലേക്ക് വഴിമാറിയത്.

രാവിലെ വിവാഹച്ചടങ്ങുകൾക്കിടെയുണ്ടായ ചെറിയ അഭിപ്രായഭിന്നത വൈകുന്നേരം വിരുന്നിനിടെയാണ് രൂക്ഷമായത്. വിരുന്നിനിടെ പെൺവീട്ടുകാർ ഐസ്ക്രീം ആവശ്യപ്പെട്ടപ്പോൾ അത് തീർന്നുവെന്ന് കാറ്ററിംഗ് ജീവനക്കാർ അറിയിച്ചു.

എന്നാൽ ബോക്സിൽ ഐസ്ക്രീം ഉണ്ടെന്ന് ആരോപിച്ച് അത് തുറന്ന് എടുക്കാൻ പെൺവീട്ടുകാർ ശ്രമിച്ചതോടെയാണ് വാക്കേറ്റം കൈയാങ്കളിയായി മാറിയത്. ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയതോടെ വിവാഹവേദിയിൽ പരിഭ്രാന്തി പടർന്നു. പിന്നാലെ നാട്ടുകാരും ഇടപെട്ടതോടെ സംഘർഷം കൂടുതൽ വ്യാപിക്കുകയായിരുന്നു.

വിവരം ലഭിച്ചതിനെ തുടർന്ന് ഇരവിപുരം പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.

Share