പത്തനംതിട്ട: അടൂരിൽ യുവതിയെ വീടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. അടൂർ കോട്ടമുകൾ ഷിനാസ് മൻസിലിൽ താമസിക്കുന്ന ഷെഹന (31) ആണ് മരിച്ചത്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന ഷെഹന ഒരു കുട്ടിയുടെ അമ്മയാണ്.
തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. വീടിനുള്ളിലെ സ്റ്റെയറിന്റെ കൈപ്പിടിയിൽ ഷാളിൽ തൂങ്ങിയ നിലയിലായിരുന്നു ഷെഹനയെ കണ്ടെത്തിയത്. എന്നാൽ മൃതദേഹത്തിന്റെ മുറിവുകളുണ്ടായിരുന്നുവെന്നും രക്തം വാർന്ന നിലയിലായിരുന്നുവെന്നുമാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായത്.
സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഏഴംകുളം സ്വദേശിയായ ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ മുഖത്തും ശരീരത്തിലും മുറിവുകളുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇരുവരും തമ്മിൽ എന്താണ് സംഭവിച്ചതെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.
വീട്ടിൽ നിന്ന് അസ്വാഭാവികമായ ബഹളവും ശബ്ദവും കേട്ടതിനെ തുടർന്ന് സമീപവാസികളാണ് പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് വാതിൽ തുറന്ന് അകത്ത് പ്രവേശിച്ചപ്പോഴാണ് ഷെഹനയെ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
ഷെഹനയുടെ ശരീരത്തിലെ മുറിവുകൾ മരണത്തിന് മുമ്പുള്ളതാണോ, മരണശേഷം ഉണ്ടായതാണോ എന്നതടക്കം ഫോറൻസിക് പരിശോധനയിലൂടെ വ്യക്തമാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. വീട്ടിൽ നിന്ന് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച പൊലീസ് മൊബൈൽ ഫോണുകളും മറ്റ് ഡിജിറ്റൽ തെളിവുകളും പരിശോധിക്കുന്നുണ്ട്.
അസ്വാഭാവിക മരണത്തിന് കേസെടുത്ത അടൂർ പൊലീസ് എല്ലാ സാധ്യതകളും പരിശോധിച്ചാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളിൽ മറ്റാരുടെയെങ്കിലും പങ്കുണ്ടോയെന്ന കാര്യത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫോറൻസിക് പരിശോധനാഫലവും നിർണായകമാകുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.