മലപ്പുറം: കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കം ദാരുണാന്ത്യത്തിൽ കലാശിച്ചു. മലപ്പുറം മൂന്നിയൂർ കുന്നത്ത്പറമ്പ് സ്വദേശി ഫൈസൽ (52) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തിൽ ലത്തീഫ് (33) നെ തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു.
കുന്നത്ത്പറമ്പിലെ ഒരു സൂപ്പർമാർക്കറ്റിൽ നിന്ന് കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഫൈസലും ലത്തീഫും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇത് കയ്യാങ്കളിയായി മാറിയതിനിടെയാണ് ഫൈസൽ റോഡിലേക്ക് വീണ് തലയടിച്ച് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിന് പിന്നാലെ ഫൈസലിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ, ദൃക്‌സാക്ഷികളുടെ മൊഴി, മറ്റ് തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഘർഷത്തിന്റെ യഥാർത്ഥ കാരണം എന്നിവ ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്ന് തിരൂരങ്ങാടി പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.