കൊച്ചി: വയനാട് കള്ളാടി ദുരന്തം തടയാന്‍ കഴിയുമായിരുന്നുവെന്നും, തുടര്‍ച്ചയായി ലഭിച്ച മുന്നറിയിപ്പുകള്‍ അവഗണിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. അപകടം സംഭവിക്കുന്നതിന് അഞ്ച് ദിവസം മുമ്പ് തന്നെ രേഖാമൂലം മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടിലെ നിര്‍ണായക കണ്ടെത്തല്‍.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അഞ്ച് തവണ അപകടസാധ്യത ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും, കള്ളാടി പാലത്തിന് സമീപം കൂമ്പാരമായി നിക്ഷേപിച്ചിരുന്ന മണ്ണ് ഉടന്‍ നീക്കം ചെയ്യണമെന്ന് നിര്‍ദേശിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നടപ്പാക്കിയില്ലെന്നാണ് അമിക്കസ് ക്യൂറിയുടെ വിമര്‍ശനം.
ദുരന്തസാധ്യതയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനും ആവശ്യമായ ഇടപെടലുകള്‍ നടത്താനുമുള്ള അധികാരം ഉണ്ടായിരുന്നിട്ടും, അതില്‍ നിന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞുമാറിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ദുരന്തനിവാരണ നിയമത്തിന്റെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായ സമീപനമാണ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി സ്വീകരിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കരാര്‍ കമ്പനിയായ ദിലീപ് ബില്‍ഡ്കോണ്‍യും പൊതുമരാമത്ത് വകുപ്പും ഗുരുതര വീഴ്ച വരുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കരാര്‍ പ്രകാരം മണ്ണ് നിക്ഷേപിക്കേണ്ട സ്ഥലം വ്യക്തമായി നിര്‍ദേശിച്ചിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ല. പദ്ധതി നിയമാനുസൃതമായാണോ നടപ്പാക്കുന്നതെന്ന് പരിശോധിക്കാനുള്ള ഉത്തരവാദിത്തം പൊതുമരാമത്ത് വകുപ്പ് നിര്‍വഹിച്ചില്ലെന്നും അമിക്കസ് ക്യൂറി വിലയിരുത്തുന്നു.
തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും വലിയ വീഴ്ച സംഭവിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചിരുന്നെങ്കില്‍ അപകടത്തിന്റെ ആഘാതം കുറയ്‌ക്കാനോ ഒഴിവാക്കാനോ സാധിക്കുമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദിലീപ് ബില്‍ഡ്കോണിനെതിരെ മുന്‍പും സമാന ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ഓര്‍മ്മിപ്പിക്കുന്നു. ആന്ധ്രാപ്രദേശിലെ അനകപ്പള്ളിയില്‍ കമ്പനി നിര്‍മിച്ച ഫ്‌ലൈഓവര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ച സംഭവവും അമിക്കസ് ക്യൂറി ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.















