തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ഇന്നും ആശ്വാസമില്ല. വൈദ്യുതി ലഭ്യതയിലെ കുറവ് തുടരുന്ന സാഹചര്യത്തിൽ ശനിയാഴ്ചയും വിവിധ മേഖലകളിൽ വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി അറിയിച്ചു. ഇന്നലെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അരമണിക്കൂറിലധികം വൈദ്യുതി മുടങ്ങിയിരുന്നു.
നിലവിലെ സാഹചര്യത്തിൽ വൈദ്യുതി നിയന്ത്രണം തുടരാതെ പ്രതിസന്ധി മറികടക്കാനാകില്ല എന്ന നിലപാടിലാണ് കെഎസ്ഇബിയും സർക്കാരും. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് 400 മുതൽ 500 മെഗാവാട്ട് വരെ വൈദ്യുതി കുറവ് അനുഭവപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.
പ്രതിസന്ധി കുറയ്‌ക്കാൻ പുറത്തുനിന്ന് കൂടുതൽ വൈദ്യുതി വാങ്ങാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. എന്നാൽ പവർ എക്സ്ചേഞ്ചിൽ ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്തതിനാൽ പീക്ക് സമയങ്ങളിലെ നിയന്ത്രണം ഒഴിവാക്കാനാകുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി.
വർധിച്ച വൈദ്യുതി ഉപഭോഗം, ആഭ്യന്തര ഉൽപ്പാദനത്തിലെ ഇടിവ്, കടം വാങ്ങിയ വൈദ്യുതി തിരിച്ചുനൽകേണ്ട ബാധ്യത എന്നിവയാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണങ്ങളായി കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നത്. അതേസമയം, അനിശ്ചിത സമയങ്ങളിലെ വൈദ്യുതി മുടക്കത്തിനെതിരെ വിവിധ മേഖലകളിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ വൈദ്യുതി ഉപയോഗം പരമാവധി നിയന്ത്രിക്കാൻ ഉപഭോക്താക്കൾ സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യർഥിച്ചു.















