പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: ബിഹാറിൽ നിന്ന് ബാലവേലയ്‌ക്കായി കേരളത്തിലെത്തിച്ച ഒമ്പത് കുട്ടികളെ റെയിൽവേ പോലീസ് രക്ഷപ്പെടുത്തി. സംഭവത്തിൽ ബിഹാർ സ്വദേശികളായ സുനിൽ മണ്ഡൽ, ഡബ്ലു എന്നിവരെ അറസ്റ്റ് ചെയ്തു. കുട്ടികളെ എത്തിച്ച ഏജന്റിനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് 11 പേരടങ്ങിയ സംഘം പാറ്റ്ന–എറണാകുളം സൂപ്പർഫാസ്റ്റ് ട്രെയിനിൽ കൊച്ചിയിലെത്തിയത്. സംഘത്തിലുണ്ടായിരുന്ന ഒമ്പത് കുട്ടികളെ കണ്ടതോടെ ആർപിഎഫിന് സംശയം തോന്നി. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് ഒമ്പതിനും 12നും ഇടയിൽ പ്രായമുള്ള കുട്ടികളെ ബാലവേലയ്‌ക്കായി എത്തിച്ചതാണെന്ന് കണ്ടെത്തിയത്.

ബിഹാറിൽ നിന്ന് ഓടക്കാലിയിലെ ഒരു പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലിക്ക് ജോലി ചെയ്യിക്കാനാണ് കുട്ടികളെ കൊണ്ടുവന്നതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.

അരുണ്‍ തോമസ് എന്നയാളുടെ നിർദേശപ്രകാരമാണ് കുട്ടികളെ കേരളത്തിലെത്തിച്ചതെന്നാണ് അറസ്റ്റിലായവർ പോലീസിനോട് മൊഴി നൽകിയിരിക്കുന്നത്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

രക്ഷപ്പെടുത്തിയ കുട്ടികളെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായും റെയിൽവേ പോലീസ് അറിയിച്ചു.

Share