കോഴിക്കോട്: കോഴിക്കോട് പാളയത്ത് ബിജുവിനെ കൊലപ്പെടുത്തിയ കേസിൽ ബന്ധുവായ ദീപകിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രതി ഉപയോഗിച്ചതായി കരുതുന്ന കത്തി ഇതുവരെ കണ്ടെത്താനായിട്ടില്ല.
ലഹരിക്ക് അടിമയായിരുന്ന ദീപകിനെ ബിജുവിന്റെ നേതൃത്വത്തിൽ ഡി-അഡിക്ഷൻ സെന്ററിലും മാനസികാരോഗ്യ കേന്ദ്രത്തിലും ചികിത്സയ്‌ക്കായി പ്രവേശിപ്പിച്ചിരുന്നതാണ് ഇരുവരും തമ്മിലുള്ള വൈരാഗ്യത്തിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു.
അന്വേഷണത്തിനിടെ ബിജുവിന്റെ മൊബൈൽ ഫോണും വാഹനത്തിന്റെ താക്കോലും ദീപകിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇതാണ് അന്വേഷണത്തിൽ നിർണായക തെളിവായതെന്ന് പൊലീസ് വ്യക്തമാക്കി.
ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് പാളയത്തെ ഒറ്റമുറി വീട്ടിൽ ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രക്തത്തിൽ കുളിച്ച നിലയിലായിരുന്ന മൃതദേഹം ആദ്യം കണ്ടത് മാതാവാണ്. തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ബിജുവിന്റെ ശരീരത്തിൽ ആകെ 45 മുറിവുകൾ ഉണ്ടായിരുന്നുവെന്നും കഴുത്തിന്റെ മുൻവശത്തും പിൻവശത്തുമായി 18 കുത്തേറ്റിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചായിരിക്കാം ആക്രമണമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
സംഭവത്തിന് പിന്നാലെ ലഹരി സംഘങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്ന് കുടുംബം ആരോപിച്ചിരുന്നു. പ്രദേശത്ത് ലഹരി സംഘങ്ങളുടെ ശല്യം വർധിച്ചിരുന്നുവെന്നും അതിനെ ബിജു ചോദ്യം ചെയ്തിരുന്നുവെന്നും കുടുംബം വ്യക്തമാക്കിയിരുന്നു.















