തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഉണ്ടായേക്കാമെന്ന് കെഎസ്ഇബി. വൈദ്യുതി ഉപഭോഗം 200 മുതല്‍ 300 മെഗാവാട്ട് വരെ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്.
എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില ഉയര്‍ന്ന നിലയില്‍ തുടരുന്നതും കാരണം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഗണ്യമായി വര്‍ധിച്ചിരിക്കുകയാണെന്ന് കെഎസ്ഇബി വ്യക്തമാക്കി.
പവര്‍ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈകുന്നേരത്തെ പീക്ക് സമയങ്ങളില്‍ ഭാഗിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുമെന്നും കെഎസ്ഇബി അറിയിച്ചു.
വൈദ്യുതി ഉപഭോഗം പരമാവധി കുറയ്‌ക്കാന്‍ ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും, പ്രത്യേകിച്ച് വൈകുന്നേരത്തെ ഉയര്‍ന്ന ഉപഭോഗ സമയങ്ങളില്‍ അനാവശ്യ വൈദ്യുതി ഉപയോഗം ഒഴിവാക്കണമെന്നും കെഎസ്ഇബി അഭ്യര്‍ഥിച്ചു.















