സിനിമ നിർമ്മിക്കാൻ പണം വാങ്ങി; വർഷങ്ങൾ കഴിഞ്ഞിട്ടും തിരികെ നൽകിയില്ല; തമിഴ് നടന് തടവുശിക്ഷ

Published by
ജനം വെബ്‌ഡെസ്ക്

ചെന്നൈ:  വണ്ടിച്ചെക്ക് കേസിൽ നടന് ഒരു വർഷം തടവുശിക്ഷ വിധിച്ച് കോടതി. തമിഴ് നടൻ വേമലിനെയാണ് ശിക്ഷിച്ചത്. ‘മന്നാർ വഗൈയാര’ സിനിമ നിർമ്മിക്കുന്നതിനായി അരസു ഫിലിംസിന്റെ ഉടമ ഗോപി നൽകിയ വായ്പ തിരിച്ചടച്ചില്ലെന്ന പരാതിയിലാണ് കേസ്. ഇതോടെ ഗോപി കോടതിയെ സമീപിക്കുകയായിരുന്നു. വായ്പയ്‌ക്കായി നൽകിയ ചെക്ക് മടങ്ങിയതോടെയാണ്  കേസ് രജിസ്റ്റർ ചെയ്തത്.

കേസ് പരിഗണിച്ച കോടതി, പരാതിക്കാരന് നൽകാനുള്ള തുക വേമൽ അടയ്‌ക്കണമെന്നും നിർദേശിച്ചു.  കുറ്റം തെളിഞ്ഞതായി കണ്ടെത്തിയതോടെ ഒരു വർഷം തടവുശിക്ഷയും വിധിച്ചു.

2018-ൽ പുറത്തിറങ്ങിയ ‘മന്നാർ വഗൈയാര’ എന്ന ചിത്രത്തിൽ നായകനായും നിർമ്മാതാവായും വേമൽ തന്നെയായിരുന്നു. ജി. ഭൂപതി പാണ്ഡ്യൻ സംവിധാനം ചെയ്ത ചിത്രത്തിൽ ആനന്ദി, ശരണ്യ പൊൻവണ്ണൻ, പ്രഭു, റോബോ ശങ്കർ, ജയപ്രകാശ് തുടങ്ങി നിരവധി താരങ്ങൾ അഭിനയിച്ചിരുന്നു. ഈ വർഷം പുറത്തിറങ്ങിയ ‘വടം’ ആണ് വേമലിന്റെ ഏറ്റവും പുതിയ ചിത്രം. ‘സണ്ടക്കാരി’, ‘ബെല്ലഡോണ’, ‘വേമൽ 39’ എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.

Share