കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ ഉടമസ്ഥാവകാശം കൈമാറാനുള്ള നടപടികള്‍ നിര്‍ണായക ഘട്ടത്തിലേക്ക്. നിലവിലെ ഉടമകളായ മാഗ്‌നം സ്പോര്‍ട്സ് ലിമിറ്റഡ് ക്ലബ്ബിന്റെ 100 ശതമാനം ഓഹരിയും വില്‍ക്കാന്‍ തയ്യാറായതോടെ വിവിധ കമ്പനികളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സൂപ്പര്‍ ലീഗ് കേരള ക്ലബ്ബായ കാലിക്കറ്റ് എഫ്.സിയുടെ ഉടമകളായ ഐ.ബി.എസ്. ഗ്രൂപ്പാണ് കേരള ബ്ലാസ്റ്റേഴ്സ് ഏറ്റെടുക്കാന്‍ മുന്നിലുള്ളത്. നേരത്തെ ലുലു ഗ്രൂപ്പും താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെത്തിയിരുന്നില്ല.
എന്നാല്‍ ഏറ്റെടുക്കല്‍ തുകയിലാണ് ഇരുകൂട്ടരും തമ്മില്‍ ഇപ്പോഴും അഭിപ്രായവ്യത്യാസമുള്ളത്. ക്ലബ്ബിന്റെ കടബാധ്യതകള്‍ ഉള്‍പ്പെടെ 150 കോടിയിലധികം രൂപ മാഗ്‌നം ഗ്രൂപ്പ് ആവശ്യപ്പെടുമ്പോള്‍ 60 മുതല്‍ 80 കോടി രൂപവരെയാണ് ഐ.ബി.എസ്. ഗ്രൂപ്പ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ആവശ്യപ്പെടുന്ന തുകയില്‍ കാര്യമായ ഇളവ് ലഭിച്ചില്ലെങ്കില്‍ ചര്‍ച്ചയില്‍ നിന്ന് പിന്മാറാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ അഡ്രിയാന്‍ ലൂണ ഉള്‍പ്പെടെ 13 താരങ്ങളുമായി കേരള ബ്ലാസ്റ്റേഴ്സിന് കരാര്‍ തുടരുന്നുണ്ട്. കഴിഞ്ഞ സീസണില്‍ വായ്പ അടിസ്ഥാനത്തില്‍ ഇന്‍ഡോനേഷ്യന്‍ ക്ലബ്ബിലേക്ക് പോയിരുന്ന ലൂണ പുതിയ സീസണിന് മുന്നോടിയായി കേരളത്തിലേക്ക് മടങ്ങിയെത്തും. അര്‍ഷ് ഷെയ്ഖ്, ബികാഷ് യുംനം, ഹോര്‍മിപാം, സുമിത് ശര്‍മ്മ, നവോച്ച സിങ്, സന്ദീപ് സിങ്, ലാല്‍തന്‍മാവിയ, ഫ്രെഡി, എബിന്‍ ദാസ്, വിബിന്‍ മോഹനന്‍, കോറോ സിങ്, എം.എസ്. ശ്രീക്കുട്ടന്‍ എന്നിവരും നിലവില്‍ കരാറിലുള്ള താരങ്ങളാണ്.
അതേസമയം, പുതിയ ഉടമകള്‍ ഉടന്‍ എത്താത്തത് ക്ലബ്ബിനെ പ്രതിസന്ധിയിലാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. പുതിയ ഐ.എസ്.എല്‍ സീസണില്‍ പങ്കെടുക്കുന്നതിനുള്ള അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഫീസായ 1.10 കോടി രൂപയില്‍ 55 ലക്ഷം രൂപ ആദ്യഗഡുവായി ബ്ലാസ്റ്റേഴ്സ് ഇതിനകം അടച്ചിട്ടുണ്ട്. പുതിയ സീസണിനായുള്ള രജിസ്‌ട്രേഷന്‍ നടപടികളും പൂര്‍ത്തിയായിട്ടുണ്ട്.
എന്നാല്‍ പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നതില്‍ നിലവിലെ മാനേജ്‌മെന്റ് കാര്യമായ നീക്കങ്ങള്‍ നടത്തിയിട്ടില്ലെന്നാണ് സൂചന. അതിനാല്‍ ഉടമസ്ഥാവകാശം മാറിയാല്‍ മികച്ച താരങ്ങളെ ടീമിലെത്തിക്കുന്നതിനായി പുതിയ മാനേജ്‌മെന്റിന് അടിയന്തരമായി ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ സജീവമാകേണ്ടിവരും.















