കാർഗിൽ വിജയ് ദിവസ് ഇന്ന്; പാകിസ്താനെ മുട്ടുകുത്തിച്ച ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് 27 വർഷം; ധീരജവാൻമാർക്ക് രാജ്യത്തിന്റെ പ്രണാമം

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: കാർഗിൽ മലനിരകളിൽ പാകിസ്താനെതിരെ ഇന്ത്യ നേടിയ ചരിത്രവിജയത്തിന്റെ ഓർമ്മകൾ പുതുക്കി രാജ്യം ഇന്ന് കാർഗിൽ വിജയ് ദിവസ് ആചരിക്കുന്നു. മാതൃഭൂമിയെ കാത്ത് ജീവൻ ബലിയർപ്പിച്ച 527 ധീരജവാൻമാർക്ക് രാജ്യം ആദരാഞ്ജലി അർപ്പിക്കുന്ന ദിനം കൂടിയാണിത്.

1999-ൽ പാക് സൈന്യം രഹസ്യമായി ഇന്ത്യൻ അതിർത്തിക്കുള്ളിൽ കടന്നുകയറി കാർഗിൽ മലനിരകളിലെ തന്ത്രപ്രധാന മേഖലകൾ കൈയടക്കാൻ ശ്രമിച്ചതോടെയാണ് യുദ്ധത്തിന് തുടക്കമായത്. സിയാചിനിലേക്കുള്ള നിർണായക ശ്രീനഗർ-കാർഗിൽ-ലേ ദേശീയപാത ലക്ഷ്യമിട്ടായിരുന്നു പാകിസ്താന്റെ നീക്കം.

ബടാലിക് മേഖലയിലെ മലമുകളിൽ അസാധാരണമായ ആളനക്കം ശ്രദ്ധയിൽപ്പെട്ടതോടെ പ്രദേശത്തെ ഇടയന്മാർ വിവരം സൈന്യത്തെ അറിയിച്ചു. തുടർന്ന് നടത്തിയ നിരീക്ഷണത്തിലാണ് പാക് സൈന്യത്തിന്റെ നുഴഞ്ഞുകയറ്റം ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചത്. ശൈത്യകാലത്ത് ചില ഉയർന്ന പോസ്റ്റുകളിൽ നിന്ന് ഇന്ത്യൻ സൈന്യം പിൻമാറിയ സാഹചര്യം മുതലെടുത്തായിരുന്നു പാകിസ്താന്റെ കടന്നുകയറ്റം.

തുടർന്ന് ‘ഓപ്പറേഷൻ വിജയ്’ എന്ന പേരിൽ ഇന്ത്യൻ സൈന്യം ശക്തമായ പ്രത്യാക്രമണം ആരംഭിച്ചു. 16,000 മുതൽ 18,000 അടി വരെ ഉയരമുള്ള മഞ്ഞുമലകളിൽ നടന്ന അതിദുഷ്കരമായ പോരാട്ടം 60 ദിവസത്തിലേറെ നീണ്ടു. ഒടുവിൽ പാക് സൈന്യത്തെയും അവരുടെ പിന്തുണയോടെ എത്തിയ നുഴഞ്ഞുകയറ്റക്കാരെയും ഇന്ത്യൻ സൈന്യം തുരത്തുകയും കാർഗിൽ കൊടുമുടികളിൽ വീണ്ടും ത്രിവർണ പതാക ഉയർത്തുകയും ചെയ്തു.

1999 ജൂലൈ 14-ന് ഇന്ത്യ വിജയിച്ചെന്ന് അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി പ്രഖ്യാപിച്ചു. തുടർന്ന് ജൂലൈ 26-ന് യുദ്ധം പൂർണമായി അവസാനിച്ചതായി ഔദ്യോഗിക പ്രഖ്യാപനം നടത്തി. അതിന്റെ ഓർമ്മയ്‌ക്കായാണ് എല്ലാ വർഷവും ജൂലൈ 26 കാർഗിൽ വിജയ് ദിവസ് ആയി രാജ്യം ആചരിക്കുന്നത്.

കാർഗിൽ യുദ്ധത്തിൽ 527 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. ഇന്ത്യൻ സൈന്യത്തിന്റെ കണക്കുകൾ പ്രകാരം ഏകദേശം 1,200 പാക് സൈനികർ കൊല്ലപ്പെട്ടു. യുദ്ധത്തിൽ തങ്ങളുടെ പങ്ക് ആദ്യം പാകിസ്താൻ നിഷേധിച്ചെങ്കിലും, നുഴഞ്ഞുകയറ്റത്തിന് പിന്നിൽ പാക് സൈന്യത്തിന്റെ നേരിട്ടുള്ള പങ്കാളിത്തമുണ്ടായിരുന്നുവെന്ന് പിന്നീട് വ്യക്തമായി.

രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കും അതിർത്തി സുരക്ഷയ്‌ക്കുമായി ജീവൻ സമർപ്പിച്ച ധീരസൈനികരുടെ ത്യാഗം അനുസ്മരിച്ച്, രാജ്യമെമ്പാടും ഇന്ന് വിവിധ അനുസ്മരണ പരിപാടികളോടെയാണ് കാർഗിൽ വിജയ് ദിവസ് ആചരിക്കുന്നത്.

ദ്രാസിലെ യുദ്ധസ്മാരകത്തിലെ അനുസ്മരണ ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പങ്കെടുക്കും. ‘ശ്രദ്ധാഞ്ജലി സമാരോഹ്’ ചടങ്ങിൽ കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് പുഷ്പചക്രം അർപ്പിച്ച് രാജ്യം ആദരാഞ്ജലി അർപ്പിക്കും. ‘ഗൗരവ് ഗാഥ’യിലൂടെ കാർഗിൽ യുദ്ധത്തിന്റെ വീരകഥകൾ അവതരിപ്പിക്കുകയും കാർഗിൽ യുദ്ധസ്‌മാരകത്തിന്റെ വെർച്വൽ വാക്ക്‌ത്രൂ പോർട്ടൽ ഉദ്ഘാടനം ചെയ്യുകയും ചെയ്യും.

Share