കൊല്ലം: സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ കോൺഗ്രസ് നേതാവും കരുനാഗപ്പള്ളി സ്വദേശിയുമായ എസ്.എം. ഇഖ്ബാലിനെ സംസ്ഥാന സെൻട്രൽ ലൈബ്രറി ഉപദേശക സമിതിയംഗമായി നിയമിച്ചു. ക്ലാപ്പന അഗ്രികൾച്ചറൽ ഇംപ്രൂവ്‌മെന്റ് സഹകരണസംഘത്തിലെ നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതിയായിരിക്കെയാണ് പുതിയ നിയമനം.
എസ്.സി. വിദ്യാർത്ഥികൾക്കുള്ള നഴ്സിംഗ് ഫണ്ടുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിലും എസ്.എം. ഇഖ്ബാൽ പ്രതിയാണ്. എസ്.സി. വിദ്യാർത്ഥികളുടെ വ്യാജ കണക്ക് തയ്യാറാക്കി സർക്കാർ ഫണ്ട് കൈക്കലാക്കിയെന്നായിരുന്നു കേസ്. ഈ കേസിൽ എസ്.എം. ഇഖ്ബാൽ ഉൾപ്പെടെയുള്ള പ്രതികൾക്ക് വിചാരണ കോടതി നാല് വർഷത്തെ കഠിന തടവ് വിധിച്ചിരുന്നു. നിലവിൽ ഇഖ്ബാൽ ജാമ്യത്തിലാണ്.
ക്ലാപ്പന അഗ്രികൾച്ചറൽ ഇംപ്രൂവ്‌മെന്റ് സഹകരണസംഘത്തിലെ നിക്ഷേപ തട്ടിപ്പ് നടന്നത് എസ്.എം. ഇഖ്ബാൽ പ്രസിഡന്റായിരുന്ന കാലയളവിലാണ്. 2022–23 കാലയളവിൽ ഏകദേശം 90.8 ലക്ഷം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടന്നെന്നാണ് കേസ്
കേരള സഹകരണ വകുപ്പിന്റെ ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. ഇതിനിടെയാണ് കേസിൽ പ്രതിയായ എസ്.എം. ഇഖ്ബാലിനെ സംസ്ഥാന സെൻട്രൽ ലൈബ്രറി ഉപദേശക സമിതിയിലേക്ക് നിയമിച്ചത്. കോൺഗ്രസ് നേതാക്കളുടെ അറിവോടെയാണ് നിയമനമെന്നും ആരോപണമുണ്ട്.















