കളത്തില്‍ ഫോം മങ്ങിയെങ്കിലും വരുമാനത്തില്‍ വമ്പന്‍ നേട്ടം; ഉത്തരാഖണ്ഡിലെ ഏറ്റവും വലിയ നികുതിദായകനായി റിഷഭ് പന്ത്

Published by
ജനം വെബ്‌ഡെസ്ക്

ഡെറാഡൂണ്‍: ക്രിക്കറ്റില്‍ സമീപകാല പ്രകടനം പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതിരുന്നെങ്കിലും സാമ്പത്തിക രംഗത്ത് റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ താരം റിഷഭ് പന്ത്. ഉത്തരാഖണ്ഡില്‍ ഏറ്റവും കൂടുതല്‍ വ്യക്തിഗത ആദായനികുതി അടച്ച വ്യക്തിയായി റിഷഭ് പന്ത് മാറി. ആദായനികുതി ദിനത്തോടനുബന്ധിച്ച് ഉത്തരാഖണ്ഡ് ആദായനികുതി ചീഫ് കമ്മീഷണര്‍ പുറത്തുവിട്ട കണക്കുകളിലാണ് ഈ വിവരം വ്യക്തമാക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 23.84 കോടി രൂപ ആദായനികുതിയായി പന്ത് അടച്ചു. കഴിഞ്ഞ വര്‍ഷം അടച്ച 10.5 കോടി രൂപയുടെ ഇരട്ടിയിലേറെയാണ് ഇത്തവണത്തെ നികുതി. ഇതോടെയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ വ്യക്തിഗത നികുതിദായകനെന്ന സ്ഥാനം താരം വീണ്ടും നിലനിര്‍ത്തിയത്.

ബിസിസിഐയുടെ വാര്‍ഷിക കരാര്‍, ഐപിഎല്‍ പ്രതിഫലം, ഇന്ത്യന്‍ ടീമിനായി കളിക്കുന്നതിലൂടെ ലഭിക്കുന്ന മത്സരഫീസ്, പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യ കരാറുകള്‍ എന്നിവയാണ് പന്തിന്റെ പ്രധാന വരുമാന സ്രോതസുകള്‍. കളിക്കളത്തിന് പുറത്തും രാജ്യത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് റിഷഭ് പന്ത്.

ഉത്തരാഖണ്ഡിലെ റൂര്‍ക്കിയിലാണ് പന്തിന്റെ ജനനം. ചെറുപ്പത്തില്‍ തന്നെ ക്രിക്കറ്റിനോടുള്ള താല്‍പര്യം കാരണം ഡല്‍ഹിയിലേക്ക് മാറിയ താരം ആഭ്യന്തര ക്രിക്കറ്റിലെ മികവിലൂടെയാണ് ഇന്ത്യന്‍ ടീമിലേക്കെത്തിയത്. പിന്നീട് മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പര്‍-ബാറ്ററായി വളര്‍ന്ന പന്തിന്റെ കരിയറിന് കാര്‍ അപകടം വലിയ തിരിച്ചടിയായെങ്കിലും ദീര്‍ഘകാല ചികിത്സയ്‌ക്ക് ശേഷം ശ്രദ്ധേയമായ തിരിച്ചുവരവ് താരം നടത്തി.

അതേസമയം, സമീപകാലത്ത് പന്തിന്റെ പ്രകടനം അത്ര തിളക്കമുള്ളതായിരുന്നില്ല. ഇന്ത്യന്‍ ഏകദിന-ടി20 ടീമുകളില്‍ നിന്ന് പുറത്തായ താരം, ഐപിഎല്ലിലും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെ നയിച്ചെങ്കിലും ടീമിന് മികച്ച ഫലം നേടിക്കൊടുക്കാന്‍ കഴിഞ്ഞില്ല.

ഐപിഎല്‍ ചരിത്രത്തിലെ റെക്കോര്‍ഡ് ലേലത്തുകയായ 27 കോടി രൂപയ്‌ക്ക് ലഖ്നൗ സ്വന്തമാക്കിയ പന്ത്, അടുത്ത സീസണില്‍ 15 കോടി രൂപ പ്രതിഫലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് തിരിച്ചെത്തും. തന്റെ ഐപിഎല്‍ കരിയര്‍ ആരംഭിച്ച ഫ്രാഞ്ചൈസിക്കൊപ്പമുള്ള രണ്ടാം ഇന്നിങ്സിലൂടെ പഴയ മികവ് വീണ്ടെടുക്കാനാണ് താരത്തിന്റെ ലക്ഷ്യം.

ഇന്ത്യന്‍ ടീമിലേക്കുള്ള അടുത്ത അവസരം ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ്. ബാറ്റുകൊണ്ട് വീണ്ടും കരുത്ത് തെളിയിക്കാനും വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാനും പന്തിന് മുന്നിലുള്ള ഏറ്റവും വലിയ വേദിയായിരിക്കും ആ പരമ്പര.

Share