കൊല്ലം: പോലീസ് കസ്റ്റഡിയിലെടുത്ത് പിന്നീട് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കൊല്ലം കുണ്ടറ സൊസൈറ്റിമുക്ക് സ്വദേശിയായ സിയാദ് ആണ് മരിച്ചത്. സംഭവത്തിൽ കുണ്ടറ പോലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി.
13 വയസുകാരനായ സഹോദരനെ കാണാതായെന്ന സഹോദരിയുടെ പരാതിയെ തുടർന്നാണ് അയൽവാസിയായ സിയാദിനെ കുണ്ടറ പോലീസ് കസ്റ്റഡിയിലെടുത്തത്. ജൂൺ 16-ന് രാത്രി ഭാര്യയുടെയും മക്കളുടെയും മുന്നിൽവച്ചാണ് സിയാദിനെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്ന് കുടുംബം പറയുന്നു.
തുടർന്ന് ജൂൺ 17-ന് പുലർച്ചെ സിയാദിനെ വിട്ടുകിട്ടുന്നതിനായി ഭാര്യയും മകളും പോലീസ് സ്റ്റേഷനിലെത്തിയിരുന്നുവെന്നും കുടുംബം അറിയിച്ചു. കസ്റ്റഡിക്കിടെ പോലീസ് സിയാദിനെ ക്രൂരമായി മർദിച്ചെന്നും അതിനെ തുടർന്ന് വാരിയെല്ല് പൊട്ടിയെന്നും കുടുംബം ആരോപിക്കുന്നു.
ആരോഗ്യ മോശമായതോടെ സിയാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ വാരിയെല്ലിന് ഗുരുതര പരിക്ക് കണ്ടെത്തിയത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സിയാദിന്റെ മരണം സംഭവിച്ചത്