ഗർഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം? ഈരാറ്റുപേട്ടയിൽ രണ്ട് പേർ പിടിയിൽ; അസം സ്വദേശിനിയുടെ പരാതിയിൽ അന്വേഷണം

Published by
ജനം വെബ്‌ഡെസ്ക്

കോട്ടയം: ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ കേരളത്തിലെത്തിച്ച് നവജാത ശിശുക്കളെ വിൽപ്പന നടത്തുന്ന സംഘത്തിലെ രണ്ടുപേർ കോട്ടയം ഈരാറ്റുപേട്ടയിൽ  പിടിയിൽ. തമിഴ്നാട് സ്വദേശിയായ രാജയും വാഗമൺ സ്വദേശിയായ അർജുനുമാണ് അറസ്റ്റിലായത്.

അസം സ്വദേശിനിയായ ഗർഭിണി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. യുവതിയെ ഈരാറ്റുപേട്ടയ്‌ക്കടുത്ത് തീക്കോയിയിലെ ആളൊഴിഞ്ഞ വീട്ടിൽ താമസിപ്പിച്ചിരുന്നതായും, പ്രസവശേഷം കുഞ്ഞിനെ കൈമാറിയാൽ 3 ലക്ഷം നൽകാമെന്ന് പ്രതികൾ വാഗ്ദാനം ചെയ്തതായും പരാതിയിൽ പറയുന്നു. എന്നാൽ കുഞ്ഞിനെ കൈമാറാൻ തയ്യാറല്ലെന്ന് യുവതി അറിയിച്ചതോടെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. തുടർന്ന് രക്ഷപ്പെട്ട യുവതി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

അന്വേഷണത്തിനിടെ ഇതേ വീട്ടിൽ മറ്റ് രണ്ട് ഗർഭിണികളെയും പാർപ്പിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇവരെയും സമാന രീതിയിൽ കുഞ്ഞുങ്ങളെ കൈമാറാൻ നിർബന്ധിച്ചിരുന്നോയെന്ന കാര്യം ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.

കുഞ്ഞുങ്ങളെ അനധികൃതമായി കൈമാറ്റം ചെയ്യുന്ന സംഘമാണോ ഇതിന് പിന്നിലെന്നും കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നുമുള്ള വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകാനിടയുണ്ടെന്നും അന്വേഷണ സംഘം സൂചിപ്പിച്ചു.

Share