ഇസ്ലാമാബാദ്/ന്യൂഡൽഹി: പാക് അധീന കശ്മീരിലെ (PoK) റാവലക്കോട്ടിൽ പ്രതിഷേധ മാർച്ചിനിടെ പാകിസ്താൻ സുരക്ഷാസേന നടത്തിയ വെടിവെപ്പിൽ 19 പേർ കൊല്ലപ്പെട്ടതായി ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി. രണ്ട് ഡസനിലധികം പേർക്ക് പരിക്കേറ്റതായും സംഘടന വ്യക്തമാക്കി.
റാവലക്കോട്ടിലെ ചിനാർ ചൗക്കിൽ നിന്ന് ഡി-ചൗക്കിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെയാണ് സംഭവം നടന്നതെന്ന് ജെഎഎസി അറിയിച്ചു. മഖ്ബൂൽ ഭട്ട് ഷഹീദ് ചൗക്കിൽ രാത്രി തങ്ങാനിരിക്കെയാണ് സുരക്ഷാസേന പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്ത്.
സംഘടന പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ, “നിരായുധരായ യുവാക്കൾക്ക് നേരെ പാകിസ്താൻ സുരക്ഷാസേന വെടിയുതിർക്കുകയായിരുന്നു. ഇതിൽ 19 പേർ കൊല്ലപ്പെട്ടു. പ്രക്ഷോഭ നയിച്ച ഉമർ നസീർ കശ്മീരിയുടെ സഹോദരൻ ഉസ്മാൻ നസീറും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു” എന്ന് ആരോപിച്ചു. ബലൂചിസ്ഥാനിൽ നിന്നുള്ള രണ്ട് പ്രതിഷേധക്കാരും മരിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ജെഎഎസി പറഞ്ഞു.
വിദേശത്തുള്ള കശ്മീരികളോട് പാകിസ്താൻ എംബസികൾക്കും ഐക്യരാഷ്‌ട്രസഭ ഉൾപ്പെടെയുള്ള അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടനകൾക്കും മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കണമെന്നും ജെഎഎസി ആഹ്വാനം ചെയ്തു. പ്രതിഷേധക്കാരോട് പാകിസ്താൻ ഭരണകൂടം അതിക്രമം നടത്തുകയാണെന്നും സംഘടന ആരോപിച്ചു.
സംഭവത്തിൽ ഇന്ത്യയും ശക്തമായി പ്രതികരിച്ചു. പാക് അധീന കശ്മീരിൽ വർഷങ്ങളായി തുടരുന്ന “സംഘടിത ചൂഷണത്തിന്റെയും ഭരണപരമായ അടിച്ചമർത്തലിന്റെയും” ഫലമാണ് ജനകീയ പ്രതിഷേധങ്ങളെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടികളെയും ന്യൂഡൽഹി അപലപിച്ചു.















