കീവ്: യുക്രെയ്‌നിലെ ഒഡേസ തുറമുഖത്ത് ആക്രമണത്തിനിരയായ എംജി എജിഎന്‍ റഗ്നാര്‍ എന്ന വാണിജ്യ കപ്പലിലുണ്ടായിരുന്ന 17 ജീവനക്കാരില്‍ നാല് പേര്‍ ഇന്ത്യക്കാരാണെന്ന് സ്ഥിരീകരണം. ഇവരില്‍ രണ്ട് പേര്‍ സുരക്ഷിതരാണെന്ന് കീവിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. എന്നാല്‍ മറ്റ് രണ്ട് ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും കാണാതായ ഇന്ത്യക്കാരെ കണ്ടെത്തുന്നതിനുള്ള തിരച്ചില്‍-രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.
അടിയന്തര സഹായങ്ങള്‍ക്കായി പ്രത്യേക ടെലിഫോണ്‍ നമ്പറും ഇമെയില്‍ വിലാസവും എംബസി പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, കരിങ്കടല്‍ മേഖലയിലെ സുരക്ഷാ സാഹചര്യം വഷളായ സാഹചര്യത്തില്‍ ഇന്ത്യന്‍ നാവികര്‍ക്കായി വിദേശകാര്യ മന്ത്രാലയം ജാഗ്രതാ നിര്‍ദേശവും പുറത്തിറക്കി. കപ്പല്‍ സഞ്ചരിക്കുന്ന റൂട്ട്, സുരക്ഷാ സംവിധാനങ്ങള്‍, ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവ തൊഴിലുടമകളില്‍ നിന്ന് മുന്‍കൂട്ടി ഉറപ്പാക്കണമെന്നും തൊഴില്‍ കരാര്‍ അന്താരാഷ്‌ട്ര മാരിടൈം നിയമങ്ങള്‍ പാലിക്കുന്നതാണെന്ന് പരിശോധിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
യാത്രാ വിവരങ്ങള്‍ കുടുംബാംഗങ്ങളെ അറിയിക്കുകയും അവരുമായി നിരന്തരം ബന്ധം പുലര്‍ത്തുകയും വേണം. അടിയന്തര സാഹചര്യം ഉണ്ടായാല്‍ സമീപത്തെ ഇന്ത്യന്‍ എംബസിയെയോ കോണ്‍സുലേറ്റിനെയോ ഉടന്‍ സമീപിക്കണമെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് മാരിടൈം അഡ്മിനിസ്‌ട്രേഷന്‍ നിര്‍ദേശിച്ചിട്ടുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. കരിങ്കടല്‍ മേഖലയിലെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ സമീപകാലത്ത് ഗണ്യമായി വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ മുന്നറിയിപ്പ്.
കഴിഞ്ഞ ജൂലൈ 19-നും ഒഡേസ തുറമുഖത്ത് വച്ച് മറ്റൊരു കപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ നാല് ഇന്ത്യക്കാര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും ഇന്ത്യന്‍ നാവികരുമായി ബന്ധപ്പെട്ട ആശങ്ക ഉയര്‍ത്തുന്ന പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.















