ചെന്നൈ: പൊതുഗതാഗത ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ മൊബൈൽ ഫോണിൽ ഉറക്കെ പാട്ടുവെക്കുന്നതിനും സ്പീക്കറിൽ റീൽസുകളും വീഡിയോകളും കാണുന്നതിനും വിലക്കുമായി തമിഴ്നാട് സർക്കാർ. സഹയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോൺ സ്പീക്കർ ഉപയോഗിക്കുന്നവരിൽ നിന്ന് 500 രൂപ മുതൽ 1000 രൂപ വരെ പിഴ ഈടാക്കും.
തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ കീഴിലുള്ള എം.ടി.സി, എസ്.ഇ.ടി.സി ഉൾപ്പെടെ ഇരുപതിനായിരത്തോളം സർക്കാർ ബസുകളിൽ പുതിയ നിർദ്ദേശം കർശനമായി നടപ്പാക്കാനാണ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് നിർദേശം നൽകിയിരിക്കുന്നത്.
യാത്രക്കാരെ ബോധവൽക്കരിക്കുന്നതിനായി എല്ലാ ബസുകളിലും പ്രത്യേക അറിയിപ്പുകൾ പതിപ്പിക്കും. മുൻവാതിലിന് സമീപം, ബസിന്റെ മധ്യഭാഗം, പിൻവാതിലിന് സമീപം എന്നിങ്ങനെ മൂന്ന് സ്ഥലങ്ങളിലാണ് നോട്ടീസ് പതിപ്പിക്കുക.
പാട്ടുകളും വീഡിയോകളും കേൾക്കാൻ ഇയർഫോൺ അല്ലെങ്കിൽ ബ്ലൂടൂത്ത് ഹെഡ്ഫോൺ ഉപയോഗിക്കണമെന്ന് നിർദേശത്തിൽ വ്യക്തമാക്കുന്നു. ദീർഘദൂര യാത്രകളിലും തിരക്കേറിയ സമയങ്ങളിലും ഫോൺ സ്പീക്കറിൽ സംസാരിക്കുന്നതും വീഡിയോ കാണുന്നതും മറ്റ് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.
സ്പീക്കർ ഉപയോഗിച്ച് ശല്യമുണ്ടാക്കുന്ന യാത്രക്കാരോട് ശബ്ദം കുറയ്‌ക്കാനോ ഫോൺ ഓഫ് ചെയ്യാനോ ആവശ്യപ്പെടാൻ ബസ് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും നിർദേശം നൽകിയിട്ടുണ്ട്.
മോട്ടോർ വെഹിക്കിൾസ് റെഗുലേഷൻസ് 2017ലെ റൂൾ 5(10), തമിഴ്നാട് മോട്ടോർ വെഹിക്കിൾസ് റൂൾസ് 1989ലെ റൂൾ 228 എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടി. ചെന്നൈ മെട്രോ റെയിലിലും പൊതുസ്ഥലങ്ങളിൽ സ്പീക്കർ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി 2,500 രൂപ വരെ പിഴ ഈടാക്കുന്ന നടപടി അടുത്തിടെ ആരംഭിച്ചിരുന്നു.