എന്താല്ലേ?? 10 ചോദ്യങ്ങൾക്ക് ഇടത് സംഘടനാ നേതാവ് ഉത്തരമെഴുതിയില്ല, ബാക്കിയുള്ളവരുടെതും അങ്ങ് ഒഴിവാക്കി മാർക്കിട്ടു; ആസൂത്രണ ബോർഡ് പരീക്ഷാ മൂല്യനിർണയത്തിൽ നടന്നത് ആസൂത്രിത അട്ടിമറി

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി). സംസ്ഥാനത്തെ വിവിധ പിഎസ്‌സി പരീക്ഷകളുമായി ബന്ധപ്പെട്ട് ലഭിച്ച 90 പരാതികളാണ് നിലവിൽ എസ്‌ഐടി പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായി പിഎസ്‌സി ഉദ്യോഗസ്ഥരെ ഉടൻ ചോദ്യം ചെയ്യാനാണ് തീരുമാനം.

നോട്ടീസ് നൽകി വിളിച്ചുവരുത്തിയാകും ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തുക. ക്രമക്കേടിൽ പങ്കുണ്ടെന്ന് സംശയിക്കുന്നവരെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. സംഭവത്തിന് പിന്നിൽ ആസൂത്രിത ഗൂഢാലോചന നടന്നിട്ടുണ്ടെന്ന പ്രാഥമിക കണ്ടെത്തലിലേക്കാണ് എസ്‌ഐടി എത്തിച്ചേർന്നിരിക്കുന്നത്.

ആസൂത്രണ ബോർഡ് പരീക്ഷയിലെ 58 മാർക്കിന്റെ 10 ചോദ്യങ്ങൾ ഒഴിവാക്കിയതോടെയാണ് ഉദ്യോഗാർഥികൾ പരാതിയുമായി രംഗത്തെത്തിയത്. ഈ ചോദ്യങ്ങൾ എന്തുകൊണ്ടാണ് ഒഴിവാക്കിയതെന്ന അന്വേഷണത്തിനിടെയാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്.

അന്വേഷണത്തിൽ, പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഉദ്യോഗാർഥി ഈ 10 ചോദ്യങ്ങളിൽ ആറിന് തെറ്റായ ഉത്തരവും നാലെണ്ണത്തിന് ഉത്തരമെഴുതാതിരിക്കുകയും ചെയ്തതായി കണ്ടെത്തിയെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് ആ 10 ചോദ്യങ്ങളും മൂല്യനിർണയത്തിൽ നിന്ന് ഒഴിവാക്കിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ വ്യക്തി ഒരു ഇടത് സംഘടനാ നേതാവാണെന്നും അന്വേഷണ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

അതേസമയം, പിന്നോക്ക വികസന കോർപ്പറേഷനിലെ പ്രോജക്ട് അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ട പരാതിയിൽ കേസെടുക്കേണ്ട സാഹചര്യമില്ലെന്നാണ് വിശദ പരിശോധനയ്‌ക്ക് ശേഷം എസ്‌ഐടി വിലയിരുത്തിയത്. ഇതിനുപുറമെ, കെഎഎസ് ഉൾപ്പെടെയുള്ള മറ്റ് പിഎസ്‌സി പരീക്ഷകളുമായി ബന്ധപ്പെട്ട പരാതികളും അന്വേഷണപരിധിയിലേക്ക് ഉൾപ്പെടുത്തി വിശദമായ അന്വേഷണം തുടരുമെന്ന് എസ്‌ഐടി അറിയിച്ചു.

Share