തൃശൂർ: കിടപ്പുരോഗിയായ വയോധികയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. എറണാകുളം നെട്ടൂർ സ്വദേശിനി അനുഷ സെബാസ്റ്റ്യൻ, ആൺസുഹൃത്ത് പത്തനംതിട്ട മൈലപ്ര സ്വദേശി പ്രിൻസ് ജോൺ എന്നിവരെയാണ് മാള പൊലീസ് ഗോവയിൽ നിന്ന് പിടികൂടിയത്.
കാപ്പ കേസ് പ്രതിയായിരുന്ന പ്രിൻസ് ജോണിനെയും ഇയാളുടെ സുഹൃത്തായ അനുഷയെയും പൊലീസ് സാഹസികമായാണ് കസ്റ്റഡിയിലെടുത്തത്. പൊയ്യ സ്വദേശിയായ 80കാരൻ എഫ്രയീമാണ് കേസിലെ പരാതിക്കാരൻ. ഇയാളുടെ ഭാര്യയെ പരിചരിക്കാൻ ഹോം നഴ്സായാണ് അനുഷ വീട്ടിലെത്തിയത്. ഇതിനിടെയാണ് 22 ഗ്രാം സ്വർണാഭരണങ്ങൾ മോഷ്ടിച്ച് കടന്നുകളഞ്ഞത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽപ്രിൻസ് ജോണും അനുഷയും ചേർന്നാണ് മോഷണം ആസൂത്രണം ചെയ്തതതെന്ന് കണ്ടെത്തി. സംഭവത്തിന് ശേഷം ഇരുവരും ഗോവയിലേക്ക് കടന്നിരുന്നു. കേസിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.