കോഴിക്കോട്: കേരളത്തെ നടുക്കിയ കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ പുതിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. കോഴിക്കോട് മാറാട് പ്രത്യേക കോടതിയിൽ വിചാരണയ്‌ക്കായി ഹാജരായ ജോളിയുടെ വേഷവുമാണ് പ്രധാനമായി ചർച്ചയാകുന്നത്.
വൈറലാകുന്ന ദൃശ്യങ്ങളിൽ നീല ജീൻസും ടോപ്പും ധരിച്ച് കോടതി വരാന്തയിൽ ഇരിക്കുന്ന ജോളി വനിതാ പൊലീസ് ഉദ്യോഗസ്ഥരോട് സംസാരിക്കുകയും കൈവശമുള്ള രേഖകൾ പരിശോധിക്കുകയും ചെയ്യുന്നത് കാണാം. കേസിന്റെ ഗൗരവവുമായി താരതമ്യപ്പെടുത്തി ഈ ദൃശ്യങ്ങൾ ചർച്ച ചെയ്യുകയാണ് സമൂഹമാധ്യമ ഉപയോക്താക്കൾ. ജോളിയുടെ മുഖഭാവവും ആത്മവിശ്വാസത്തോടെയുള്ള പെരുമാറ്റവും സംബന്ധിച്ചും നിരവധി അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
അതേസമയം, ജോളിയുടെ രൂപത്തെക്കുറിച്ചും ചിലർ ചർച്ച ചെയ്യുന്നുണ്ട്. പുരികം ത്രെഡ് ചെയ്തതുപോലെയുള്ള രൂപമാണ് കാണുന്നതെന്നും ജയിലിൽ കഴിയുന്ന പ്രതിക്ക് ഇത്തരത്തിലുള്ള സൗകര്യങ്ങൾ എങ്ങനെ ലഭിച്ചുവെന്ന ചോദ്യവും ചിലർ ഉയർത്തുന്നുണ്ട്. കൊടുകുറ്റവാളിയുടെ ജയിലിലിലെ സുഖവാസവും ചർച്ചയാകുന്നുണ്ട്.
കൂടത്തായി കേസ്: കേരളത്തെ നടുക്കിയ ദുരൂഹ മരണപരമ്പര
കോഴിക്കോട് ജില്ലയിലെ കൂടത്തായിയിൽ 2002 മുതൽ 2016 വരെയുള്ള കാലയളവിൽ ഒരേ കുടുംബത്തിലെ ആറു പേരുടെ ദുരൂഹ മരണങ്ങളാണ് പിന്നീട് കേരളത്തിലെ ഏറ്റവും വലിയ കൊലപാതക കേസുകളിലൊന്നായി മാറിയത്.
റോയ് തോമസ്, അന്നമ്മ തോമസ്, ടോം തോമസ്, മാത്യു മഞ്ചാടിയിൽ, സിലി, രണ്ടുവയസ്സുകാരിയായ ആൽഫൈൻ എന്നിവരുടെ മരണങ്ങൾ സ്വാഭാവികമല്ലെന്ന അന്വേഷണത്തിലാണ് ജോളി ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഭക്ഷണത്തിൽ സയനൈഡ് കലർത്തി കൊലപ്പെടുത്തിയെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ.
2019-ൽ കേസ് പുറത്തുവന്നതോടെ രാജ്യം മുഴുവൻ വലിയ ചർച്ചയായി. നിരവധി കുറ്റപത്രങ്ങൾ സമർപ്പിച്ച കേസിന്റെ വിചാരണ നിലവിൽ കോഴിക്കോട് മാറാട് പ്രത്യേക കോടതിയിൽ പുരോഗമിക്കുകയാണ്. കേസിൽ ജോളി ഉൾപ്പെടെയുള്ള പ്രതികൾക്കെതിരായ വിചാരണ നടപടികൾ തുടരുകയാണ്.