ന്യൂഡൽഹി: ലൈംഗികാതിക്രമക്കേസിൽ ബിജെപി നേതാവും ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ ഡൽഹി റൗസ് അവന്യൂ കോടതി കുറ്റവിമുക്തനാക്കി. കേസിൽ സഹപ്രതിയായിരുന്ന മുൻ ഡബ്ല്യു.എഫ്.ഐ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെയും കോടതി വെറുതേവിട്ടു.
അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അശ്വനി പൻവാറിന്റെ കോടതിയാണ് വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ കുറ്റം തെളിയിക്കാൻ പര്യാപ്തമല്ലെന്ന് കോടതി വിലയിരുത്തി.
2023-ൽ ജന്തർ മന്തറിൽ വനിതാ ഗുസ്തി താരങ്ങൾ നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് ഡൽഹി പൊലീസ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. അന്വേഷണത്തിന് ശേഷം 2023 ജൂൺ 15-ന് ഏകദേശം 1,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമായിരുന്നു കേസെടുത്തിരുന്നത്.
ബ്രിജ് ഭൂഷൺ ശരൺ സിങ് അധ്യക്ഷനായിരുന്ന കാലയളവിൽ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു വനിതാ ഗുസ്തി താരങ്ങളുടെ ആരോപണം. ഇന്ത്യയിലെയും വിദേശത്തെയും വനിതാ താരങ്ങളുടെ മൊഴികളും പ്രത്യേക അന്വേഷണ സംഘത്തിന്റെ അംഗങ്ങളുടെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും സാക്ഷിമൊഴികളും വിചാരണയുടെ ഭാഗമായി കോടതി രേഖപ്പെടുത്തിയിരുന്നു. കേസിന്റെ അതീവ സെൻസിറ്റീവ് സ്വഭാവം കണക്കിലെടുത്ത് വിചാരണ ഇൻ-ക്യാമറയിലാരുന്നു നടന്നത്.
വിധിക്ക് പിന്നാലെ ” ഒടുവിൽ സത്യം ജയിച്ചു” എന്നായിരുന്നു ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ പ്രതികരണം. തുടക്കം മുതൽ തന്നെ ആരോപണങ്ങൾ രാഷ്‌ട്രീയ പ്രേരിതമാണെന്ന നിലപാടാണ് ബിജെപി വൃത്തങ്ങൾ സ്വീകരിച്ചിരുന്നത്. കോടതി വിധി ബിജെപിയുടെ നിലപാടിനുള്ള അംഗീകാരം കൂടിയാണ്.















