16 കാരിയെ പീഡിപ്പിച്ച കേസ്; പ്രതി സ്‌നേഹ മെർലിൻ അറസ്റ്റിൽ,പിടിയിലായത് കേസെടുത്ത് ഒന്നര മാസത്തിന് ശേഷം

Published by
ജനം വെബ്‌ഡെസ്ക്

കാസർകോട്: പ്രായപൂർത്തിയാകാത്ത 16കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പോക്സോ കേസിൽ പ്രതിയായ സ്‌നേഹ മെർലിൻ (25) അറസ്റ്റിൽ. കേസെടുത്ത് ഒന്നര മാസത്തിന് ശേഷമാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ തളിപ്പറമ്പ് സ്വദേശിനിയാണ് സ്‌നേഹ മെർലിൻ.

പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്തായി വീട്ടിലെത്തിയിരുന്ന സ്‌നേഹ, ഒരു വർഷത്തോളം കുടുംബത്തോടൊപ്പം താമസിച്ചിരുന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഈ കാലയളവിലാണ് നിരവധി തവണ ലൈംഗികാതിക്രമം നടത്തിയതെന്നാണ് പെൺകുട്ടിയുടെ മൊഴി. അമ്മ വീട്ടിലുണ്ടായിരുന്ന സമയത്തും പീഡനം നടന്നതായി പെൺകുട്ടി അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്.

അന്വേഷണത്തിൽ പുറത്തുവന്ന വിവരങ്ങൾ പ്രകാരം, കണ്ണൂർ ജയിലിൽ വച്ചാണ് സ്‌നേഹ മെർലിനും പെൺകുട്ടിയുടെ അമ്മയും പരിചയപ്പെട്ടത്. ലഹരി വിൽപ്പന കേസിൽ പ്രതിയായിരുന്ന പെൺകുട്ടിയുടെ അമ്മ ജയിലിലായിരുന്നപ്പോൾ, മറ്റൊരു പോക്സോ കേസുമായി ബന്ധപ്പെട്ട് സ്‌നേഹയും അവിടെ തടവിലുണ്ടായിരുന്നു.

ഇതിനുമുമ്പ് ഇതേ 16കാരിയെ പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ പിതാവ് പോക്സോ കേസിൽ അറസ്റ്റിലായി ജയിലിലാണ്. പീഡനവിവരം അറിഞ്ഞിട്ടും അധികൃതരെ അറിയിക്കാതിരുന്നതിനെ തുടർന്ന് പെൺകുട്ടിയുടെ അമ്മയെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ പെൺകുട്ടിയെ നീലേശ്വരത്തെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരുന്നു. അവിടെ നടന്ന കൗൺസിലിങ്ങിനിടെയാണ് പിതാവിന് പുറമെ സ്‌നേഹ മെർലിനും തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന നിർണായക വെളിപ്പെടുത്തൽ പുറത്തുവന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിക്കെതിരെ നടപടി സ്വീകരിച്ചത്.

Share