തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും നടത്തിയ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖര്‍. പ്രധാനമന്ത്രിയെ ‘ദേശദ്രോഹി’ എന്ന് വിളിച്ചതിനും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിനും രാഹുല്‍ ഗാന്ധി ക്ഷമാപണം നടത്തണമെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ ആവശ്യം. മാപ്പ് പറഞ്ഞാല്‍ രാഹുല്‍ ഗാന്ധിയെ ‘തട്ടിപ്പുകാരന്‍’ എന്ന് വിളിക്കുന്നത് അവസാനിപ്പിക്കാമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് താന്‍ നടത്തിയ പരാമര്‍ശങ്ങളെ മുഖ്യമന്ത്രി വി.ഡി. സതീശന്‍ വിമര്‍ശിച്ചതിനെയും അദ്ദേഹം ചോദ്യം ചെയ്തു. ‘നുണകള്‍ പറയുക, പാലിക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങള്‍ നല്‍കുക, അഴിമതിയും പ്രീണന രാഷ്‌ട്രീയവും രാഷ്‌ട്രീയ തന്ത്രമായി തുടരുക എന്നിവയാണ് രീതിയെങ്കില്‍ ‘തട്ടിപ്പുകാരന്‍’ എന്ന് വിളിക്കപ്പെടാന്‍ തയ്യാറായിക്കൊള്ളണം’ എന്നായിരുന്നു സതീശനോടുള്ള രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. രാഷ്‌ട്രീയ എതിരാളികള്‍ക്കെതിരെ വ്യക്തിപരമായ ആക്രമണം താന്‍ അപൂര്‍വമായേ നടത്താറുള്ളൂവെന്നും എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ കാര്യത്തില്‍ അതിന് നിര്‍ബന്ധിതനായെന്നുമാണ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്.















