കോട്ടയം: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാട് സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. വിഷയത്തിൽ തമിഴ്നാട് സർക്കാരുമായി ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി തലത്തിലുള്ള ചർച്ചയ്‌ക്കുള്ള സാധ്യതകൾ കേരളം തേടുമെന്നും മന്ത്രി അറിയിച്ചു.
തമിഴ്നാട് നടത്തിയ പ്രഖ്യാപനം ദൗർഭാഗ്യകരമാണെന്ന് പറഞ്ഞ മന്ത്രി, മുല്ലപ്പെരിയാർ വിഷയത്തിൽ രണ്ട് സംസ്ഥാനങ്ങൾക്കും സ്വീകാര്യമായ പരിഹാരമാണ് ആവശ്യമെന്നും വ്യക്തമാക്കി.
മുല്ലപ്പെരിയാർ അണക്കെട്ടിൽ സമഗ്ര സുരക്ഷാ പരിശോധനകൾ നടന്നിട്ടില്ലെന്നും, നിലവിലെ 142 അടി ജലനിരപ്പ് സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഈ പരിധിയിൽ മാറ്റം വരുത്താൻ കേരളത്തിനോ തമിഴ്നാടിനോ ഏകപക്ഷീയമായി അധികാരമില്ലെന്നും, ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് സുപ്രീംകോടതിയാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ അണക്കെട്ട് നിർമിക്കണമെന്നതാണ് കേരളത്തിന്റെ സ്ഥിരം നിലപാടെന്നും അതിൽ യാതൊരു മാറ്റവുമില്ലെന്നും മോൻസ് ജോസഫ് ആവർത്തിച്ചു.
വിജയ് സർക്കാരിന്റെ ആദ്യ ബജറ്റിലാണ് നിലവിലുള്ള കരാറുകളും ട്രൈബ്യൂണൽ വിധികളും കോടതി നിർദേശങ്ങളും അടിസ്ഥാനമാക്കി മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കുമെന്ന് പ്രഖ്യാപിച്ചത്. സംസ്ഥാനത്തിന്റെ ജലാവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തൽ, ആനമലയാർ, നല്ലൂർ അണക്കെട്ട് പദ്ധതികൾ, ഗോദാവരി–കാവേരി നദീബന്ധന പദ്ധതി എന്നിവ മുന്നോട്ട് കൊണ്ടുപോകുമെന്നും തമിഴ്നാട് ബജറ്റിൽ വ്യക്തമാക്കിയിരുന്നു.















