അജിത് അഗാര്‍ക്കര്‍ക്ക് തിരിച്ചടി? ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി വിവിഎസ് ലക്ഷ്മണ്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറുടെ കാലാവധി അവസാനിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ, അദ്ദേഹത്തിന് വീണ്ടും കാലാവധി നീട്ടി നല്‍കില്ലെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമാകുന്നു. മുന്‍ ഇന്ത്യന്‍ താരം വി.വി.എസ്. ലക്ഷ്മണെ പുതിയ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി നിയമിക്കാന്‍ ബിസിസിഐ ആലോചിക്കുന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അഗാര്‍ക്കറുടെ കരാര്‍ 2026 ജൂണില്‍ അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ മൂന്ന് മാസത്തേക്ക് കൂടി ബിസിസിഐ കാലാവധി നീട്ടി നല്‍കിയിരുന്നു. 2027 ഏകദിന ലോകകപ്പ് വരെ അദ്ദേഹം സ്ഥാനത്ത് തുടരുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ ഇന്ത്യന്‍ ഏകദിന ടീമിലെ രോഹിത് ശര്‍മയുടെ ഭാവിയെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കൊടുവില്‍ സ്ഥിതി മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയോടെ രോഹിത് ശര്‍മ വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. തുടര്‍ന്ന് ഭാവി പദ്ധതികളുടെ ഭാഗമായി രോഹിത്തിനെ ഏകദിന ടീമില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിനെക്കുറിച്ച് പരിശീലകന്‍ ഗൗതം ഗംഭീറിന്റെ നേതൃത്വത്തിലുള്ള ടീം മാനേജ്‌മെന്റും അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയും ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ലോര്‍ഡ്‌സില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ രോഹിത് ശര്‍മ സെഞ്ച്വറി നേടിയതോടെ സാഹചര്യങ്ങള്‍ മാറി. ആ മത്സരം അദ്ദേഹത്തിന്റെ അവസാന ഏകദിനമാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു ക്യാപ്റ്റന്റെ തകര്‍പ്പന്‍ പ്രകടനം. രോഹിത്തിന്റെ ഭാവിയെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ക്കിടെ, സെലക്ഷന്‍ കമ്മിറ്റിയുമായി കൂടിയാലോചിക്കാതെയാണ് ബിസിസിഐ സെക്രട്ടറി ദേവജിത് സായ്കിയ രോഹിത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്. ടീം പദ്ധതികളുടെ ഭാഗമായിരിക്കുന്നിടത്തോളം കാലം രോഹിത് ഇന്ത്യന്‍ ടീമിനായി തുടരുമെന്നും ലോര്‍ഡ്‌സിലെ മത്സരം അദ്ദേഹത്തിന്റെ അവസാന ഏകദിനമല്ലെന്നും സായ്കിയ വ്യക്തമാക്കിയിരുന്നു.

അതേസമയം, 2027 ഏകദിന ലോകകപ്പില്‍ രോഹിത് ശര്‍മയെ ഉള്‍പ്പെടുത്തുന്നതില്‍ ടീം മാനേജ്‌മെന്റിലെ ചിലര്‍ക്ക് താത്പര്യമില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇന്ത്യയുടെ മുന്‍ ഇതിഹാസ ബാറ്ററായ വി.വി.എസ്. ലക്ഷ്മണ്‍ നിലവില്‍ ദേശീയ ക്രിക്കറ്റ് സംവിധാനത്തില്‍ നിര്‍ണായക ചുമതലകള്‍ വഹിച്ചുവരുന്ന വ്യക്തിയാണ്. യുവതാരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ ശ്രദ്ധേയ പങ്കുവഹിച്ചിട്ടുള്ള ലക്ഷ്മണ്‍ സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷനായി എത്തിയാല്‍ ഇന്ത്യന്‍ ടീമിന്റെ ഭാവി പദ്ധതികളിലും വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം, അഗാര്‍ക്കറുടെ കരാര്‍ സംബന്ധിച്ചോ പുതിയ ചെയര്‍മാനെ നിയമിക്കുന്നതിനെക്കുറിച്ചോ ബിസിസിഐ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

Share