മംഗളൂരു: സുഹൃത്തുക്കൾക്കൊപ്പം വോളിബോൾ കളിക്കുന്നതിനിടെ 15 വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ സുരിഞ്ചെയിലാണ് ദാരുണ സംഭവം. സുരിഞ്ചെ കോട്ടെ ബൊള്ളാറു ഗവൺമെന്റ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ലിഖിത് അമിനാണ് മരിച്ചത്.
സുരിഞ്ചെയിലെ കളിസ്ഥലത്ത് സുഹൃത്തുക്കൾക്കൊപ്പം വോളിബോൾ കളിക്കുന്നതിനിടെയാണ് ലിഖിത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പിന്നാലെ ഗ്രൗണ്ടിൽ തന്നെ കുഴഞ്ഞുവീഴുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. വീഡിയോയിൽ ലിഖിത് ആദ്യം സർവ് ചെയ്യുന്നതും തുടർന്ന് എതിർടീമിന്റെ ഷോട്ട് തിരിച്ചടിക്കാൻ നെറ്റിന് സമീപത്തേക്ക് ഓടുന്നതും കാണാം. ഏതാനും നിമിഷങ്ങൾക്കകം കൈകൾ ഉയർത്തിയ ശേഷം പെട്ടെന്ന് നിലത്തേക്ക് വീഴുന്നതും ഇത് കണ്ട് മറ്റ് കളിക്കാർ ഓടിയെത്തുന്നതും ദൃശ്യങ്ങളിലുണ്ട്.
ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം കൃത്യായി സ്ഥിരീകരിക്കാൻ കഴിയൂവെന്ന് പൊലീസ് അറിയിച്ചു.















