ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റിന് അപ്രതീക്ഷിത തിരിച്ചടിയായി യുവ പേസര്‍ ജോണ്‍ ടര്‍ണര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. വെറും 25-ാം വയസിലാണ് താരം സജീവ ക്രിക്കറ്റിന് വിടപറഞ്ഞത്. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി അലട്ടുന്ന ഗുരുതരമായ പുറംവേദനയും തുടര്‍ച്ചയായ പരിക്കുകളുമാണ് കരിയറിന്റെ തുടക്കത്തില്‍ തന്നെ വിരമിക്കാന്‍ ടര്‍ണറെ നിര്‍ബന്ധിതനാക്കിയത്.
2024 ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പര്യടനത്തിലൂടെയാണ് ടര്‍ണര്‍ ഇംഗ്ലണ്ട് സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. രണ്ട് ഏകദിനങ്ങളിലും രണ്ട് ടി20 മത്സരങ്ങളിലും ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച താരം മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. 2025 ജൂണിലാണ് അവസാനമായി മത്സരരംഗത്തിറങ്ങിയത്.
ഹാംഷെയറിനായി അഞ്ച് വര്‍ഷത്തോളം ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച ശേഷമാണ് ടര്‍ണര്‍ ബൂട്ടഴിക്കുന്നത്. 2021-ല്‍ പ്രൊഫഷണല്‍ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച താരം, 2023-ലെ വൈറ്റാലിറ്റി ബ്ലാസ്റ്റ് ടൂര്‍ണമെന്റില്‍ 11 മത്സരങ്ങളില്‍ നിന്ന് 21 വിക്കറ്റുകള്‍ വീഴ്‌ത്തി ശ്രദ്ധ നേടിയിരുന്നു. ആ പ്രകടനമാണ് ദേശീയ ടീമിലേക്കുള്ള വഴി തുറന്നത്.
‘രാജ്യത്തിനും ഹാംഷെയറിനുമായി കളിക്കുകയെന്നത് എന്റെ ബാല്യകാല സ്വപ്‌നമായിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിലേറെയായി അലട്ടുന്ന പുറം വേദനയും പരിക്കും തുടര്‍ച്ചയായ ആരോഗ്യപ്രശ്‌നങ്ങളും എന്റെ ഭാവിയെക്കുറിച്ച് ഗൗരവമായി ചിന്തിക്കാന്‍ നിര്‍ബന്ധിതനാക്കി. ക്രിക്കറ്റിന് പുറത്തുള്ള പുതിയ ജീവിതത്തിലേക്ക് കടക്കാന്‍ ഇതാണ് ശരിയായ സമയമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ ടര്‍ണര്‍ പറഞ്ഞു.
മികച്ച ഭാവി പ്രവചിക്കപ്പെട്ടിരുന്ന ഒരു യുവ പേസര്‍ പരിക്കുകളുടെ പിടിയില്‍പ്പെട്ട് ഇത്രയും ചെറുപ്പത്തില്‍ തന്നെ കളി അവസാനിപ്പിക്കേണ്ടി വന്നത് ഇംഗ്ലീഷ് ക്രിക്കറ്റിനെയും ആരാധകരെയും ഒരുപോലെ നിരാശയിലാഴ്‌ത്തിയിരിക്കുകയാണ്.