തിരുവനന്തപുരം: എറണാകുളത്ത് അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കുന്നതിനുള്ള നിര്‍ണായക നടപടിക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി. നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപം ആലുവ താലൂക്കിലെ ചെങ്ങമനാട് വില്ലേജിലുള്ള 10.1312 ഹെക്ടര്‍ ഭൂമി തരംമാറ്റുന്നതിനാണ് കൃഷിവകുപ്പ് അനുമതി നല്‍കിയത്. 2008ലെ കേരള നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ വകുപ്പ് 10(2) പ്രകാരമാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്.
കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) മുന്നോട്ടുവച്ച അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയം പദ്ധതിയെ ‘പൊതു ആവശ്യം’ എന്ന നിലയിലാണ് സര്‍ക്കാര്‍ പരിഗണിച്ചത്. കേരള സ്‌പോര്‍ട്‌സ് നയം 2023, കേരള സ്‌പോര്‍ട്‌സ് ആക്ട് 2025, കേരള സ്‌പോര്‍ട്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് സ്‌കീം 2025 എന്നിവയുടെ അടിസ്ഥാനത്തിലാണ് അനുമതി. അതേസമയം, പരിസ്ഥിതി സംരക്ഷണവും ജലസംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള നിര്‍ബന്ധിത വ്യവസ്ഥകളും സര്‍ക്കാര്‍ ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മുന്‍ സര്‍ക്കാരിന്റെ കാലത്താണ് കെസിഎ പദ്ധതിക്കായി അപേക്ഷ സമര്‍പ്പിച്ചത്. സംസ്ഥാനതല സമിതി അപേക്ഷ വിശദമായി പരിശോധിച്ച് ഭൂമി തരംമാറ്റുന്നതിന് ശുപാര്‍ശ ചെയ്തിരുന്നെങ്കിലും നിയമപരമായ ചില സാങ്കേതിക തടസങ്ങള്‍ കാരണം നടപടികള്‍ മുന്നോട്ട് പോയിരുന്നില്ല. തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യൂ മന്ത്രി കെ. രാജന്‍, കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍, കൃഷി മന്ത്രി പി. പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ പദ്ധതിക്കായി നിയമഭേദഗതികള്‍ കൊണ്ടുവരികയും എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ യോഗത്തില്‍ പദ്ധതിയെ ‘പൊതു ആവശ്യം’ ആയി പ്രഖ്യാപിക്കുകയും ചെയ്തു.
കെസിഎയ്‌ക്ക് ഭൂപരിഷ്‌കരണ നിയമത്തിലും ഇളവ് അനുവദിച്ചിരുന്നു. തുടര്‍ന്ന് പദ്ധതി വേഗത്തില്‍ യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടികള്‍ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തില്‍ മുന്നോട്ടുപോയി. കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖും കായിക മന്ത്രി ഒ.കെ. ജനീഷും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കെസിഎയുടെ അപേക്ഷ സംസ്ഥാനതല സമിതി വീണ്ടും പരിശോധിക്കുകയും അന്താരാഷ്‌ട്ര സ്റ്റേഡിയം പദ്ധതിക്കായി ഭൂമി തരംമാറ്റുന്നതിന് ശുപാര്‍ശ നല്‍കുകയും ചെയ്തു. ഈ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് നിര്‍ണായക അനുമതി ലഭിച്ചത്.
കേരളത്തിന്റെ കായിക അടിസ്ഥാന സൗകര്യ വികസനത്തിലെ നാഴികക്കല്ലാണ് തീരുമാനമെന്ന് കെസിഎ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി. നായര്‍ പറഞ്ഞു. നിര്‍ദിഷ്ട സ്റ്റേഡിയം ക്രിക്കറ്റ് താരങ്ങള്‍ക്കും ആരാധകര്‍ക്കും ലോകോത്തര സൗകര്യങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ, അന്തര്‍ദേശീയ മത്സരങ്ങള്‍ക്ക് വേദിയാകുന്നതോടെ കായിക ടൂറിസത്തിനും സംസ്ഥാന സമ്പദ്വ്യവസ്ഥയ്‌ക്കും വലിയ നേട്ടമുണ്ടാകുമെന്നാണ് കെസിഎയുടെ വിലയിരുത്തല്‍.
പദ്ധതിക്ക് ബിസിസിഐയുടെ അനുമതി നേടുന്നതിനും വിവിധ സര്‍ക്കാരുകളുമായി ഏകോപനം നടത്തുന്നതിനും മുന്‍ കെസിഎ പ്രസിഡന്റും നിലവിലെ ഡബ്ല്യുപിഎല്‍ ചെയര്‍മാനുമായ ജയേഷ് ജോര്‍ജ് നല്‍കിയ പിന്തുണയ്‌ക്കും കെസിഎ പ്രത്യേക നന്ദി അറിയിച്ചു. ബിസിസിഐ ഭാരവാഹികളും ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റി അംഗങ്ങളും ഉടന്‍ പദ്ധതി പ്രദേശം സന്ദര്‍ശിക്കുമെന്ന് ജയേഷ് ജോര്‍ജ് അറിയിച്ചു. കേരളത്തില്‍ നടന്ന ഐപിഎല്‍ ലേലവുമായി ബന്ധപ്പെട്ട് എത്തിയിരുന്ന ഐസിസി ചെയര്‍മാന്‍ ജയ് ഷാ പദ്ധതി പ്രദേശം നേരിട്ട് സന്ദര്‍ശിച്ച് തുടര്‍നടപടികള്‍ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു.
സ്റ്റേഡിയം പദ്ധതിക്ക് അനുമതി നല്‍കുന്നതിനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയ മുഖ്യമന്ത്രി വി.ഡി. സതീശനും സംസ്ഥാന സര്‍ക്കാരിനും ജയേഷ് ജോര്‍ജ് നന്ദി അറിയിച്ചു. എല്ലാ പാരിസ്ഥിതിക മാനദണ്ഡങ്ങളും പൂര്‍ണമായി പാലിച്ചായിരിക്കും സ്റ്റേഡിയം നിര്‍മിക്കുകയെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ്. കുമാര്‍ വ്യക്തമാക്കി. സുസ്ഥിരവും ലോകോത്തര നിലവാരമുള്ളതുമായ സ്റ്റേഡിയമാണ് ലക്ഷ്യമിടുന്നത്. ക്രിക്കറ്റിന് പുറമെ മറ്റ് കായിക ഇനങ്ങള്‍ക്കുള്ള സൗകര്യങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. നിര്‍മാണം വിജയകരമായി പൂര്‍ത്തിയാക്കാന്‍ എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്നും കെസിഎ അറിയിച്ചു.