കോഴിക്കോട്: ആനക്കൊമ്പ് കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട് അഞ്ചുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. തിരുവനന്തപുരം വനം ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ഫ്‌ലയിങ് സ്‌ക്വാഡും താമരശ്ശേരി റേഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
കോഴിക്കോട് കക്കോടി പാലത്തിന് സമീപത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. ആനക്കൊമ്പ് വില്‍പ്പനയ്‌ക്കായി എത്തിച്ച സംഘത്തെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ നീക്കത്തിലാണ് അഞ്ചുപേരും പിടിയിലായത്.
സംസ്ഥാനത്ത് ആനക്കൊമ്പ് കടത്ത് വീണ്ടും സജീവമാകുന്നതായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വനം ഇന്റലിജന്‍സ് അന്വേഷണം നടത്തിവന്നിരുന്നത്. ഇതിനിടെയാണ് കോഴിക്കോട് കേന്ദ്രീകരിച്ച് ആനക്കൊമ്പ് വില്‍പ്പനയ്‌ക്ക് ശ്രമിക്കുന്ന സംഘത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചത്.
പിടിയിലായവര്‍ ആനക്കൊമ്പ് കടത്ത് ശൃംഖലയിലെ പ്രധാന കണ്ണികളാണെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. സംഘത്തിന് പിന്നില്‍ കൂടുതല്‍ പേരുണ്ടോയെന്നും ആനക്കൊമ്പ് എവിടെനിന്നാണ് ലഭിച്ചതെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണം തുടരുകയാണ്.
കോഴിക്കോട് ഫ്‌ലയിങ് സ്‌ക്വാഡിന്റെയും താമരശ്ശേരി റേഞ്ചിന്റെയും നേതൃത്വത്തിലാണ് തുടര്‍നടപടികള്‍ പുരോഗമിക്കുന്നത്.