റാഞ്ചി: ഝാർഖണ്ഡിലെ വിദ്യാർഥി പ്രതിഷേധത്തിൽ കോൺഗ്രസ് നേതൃത്വം പുലർത്തുന്ന മൗനത്തിനെതിരെ ബിജെപി. നീറ്റ് പരീക്ഷാ ക്രമക്കേടുകൾ ഉയർത്തിക്കാട്ടി കേന്ദ്രസർക്കാരിനെതിരെ നിരന്തരം രംഗത്തെത്തിയ കോൺഗ്രസ്, ഝാർഖണ്ഡിലെ വിദ്യാർഥി സമരത്തിൽ പ്രതികരിക്കാത്തത് ഇരട്ടത്താപ്പാണെന്നാണ് ബിജെപി ചൂണ്ടിക്കാട്ടി.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുലോ പ്രിയങ്കയോ ദേശീയ നേതൃത്വമോ ഝാർഖണ്ഡിലെ വിദ്യാർഥി പ്രതിഷേധത്തെക്കുറിച്ച് ഇതുവരെ ഒരക്ഷണം മിണ്ടിയിട്ടില്ല. ഝാർഖണ്ഡ് മുക്തി മോർച്ച- കോൺഗ്രസും സഖ്യമാണ് സംസ്ഥാനം ഭരിക്കുന്നത്. ഇതാണ് വിദ്യാർഥി സമരത്തിൽ കോൺഗ്രസ് വാതുറക്കാതിരിക്കാനുള്ള പ്രധാന കാരണം. ഇതോടെയാണ് കോൺഗ്രസിനെതിരെ ബിജെപി രംഗത്തെത്തിയത്.
‘ഝാർഖണ്ഡിൽ മൗനം, പ്രയാഗ്‌രാജിൽ പ്രതിഷേധം’
ഝാർഖണ്ഡ്, പഞ്ചാബ്, കർണാടക എന്നിവിടങ്ങളിലെ പരീക്ഷാ പേപ്പർ ചോർച്ചാ ആരോപണങ്ങളിൽ കോൺഗ്രസ് മൗനം പാലിക്കുകയാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ആരോപിച്ചു. “ഝാർഖണ്ഡ്, പഞ്ചാബ്, കർണാടക വിഷയങ്ങളിൽ അവർ മൗനം പാലിക്കുന്നു. എന്നാൽ രാഹുൽ പ്രയാഗ്‌രാജിൽ പോയി പ്രതിഷേധം സംഘടിപ്പിക്കുന്നു. രാജ്യത്തെ ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്,” എന്നാണ് ഗിരിരാജ് സിങ് പറഞ്ഞത്. കോൺഗ്രസ് ജനാധിപത്യത്തിന്റെ ശത്രുവാണെന്നും സെലക്ടീവ് പ്രതികരണമാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
‘വിദ്യാർഥികളെ കേൾക്കാൻ രാഹുലിന് സമയമില്ല’
ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗും കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഡൽഹിയിലെ വിദ്യാർഥി പ്രതിഷേധം രാഷ്‌ട്രീയമായി മുതലെടുക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാക്കൾ ഇപ്പോൾ ഝാർഖണ്ഡ് വിദ്യാർഥികളുടെ സമരം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് ഝാർഖണ്ഡിലെ സർക്കാരിന്റെ ഭാഗമായതിനാലാണ് രാഹുൽ വിദ്യാർഥികളുടെ ആവശ്യങ്ങൾ കേൾക്കാൻ തയ്യാറാകാത്തതെന്നും ചുഗ് പറഞ്ഞു. വിദ്യാർഥികളുടെ ആവശ്യങ്ങൾ സംസ്ഥാന സർക്കാർ അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.