തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിൽ കൊണ്ടുവരും എന്ന പേരിൽ നടന്നത് വൻ തട്ടിപ്പെന്ന് കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട്. 126 കോടി രൂപ അർജന്റീന ഫുട്ബോൾ അസോസിയേഷന് (AFA) നൽകിയെന്ന അവകാശവാദത്തിന് തെളിവുകളില്ലെന്നും സൗഹൃദ മത്സരം പ്രഖ്യാപിച്ചത് അർജന്റീന ടീമിന്റെ അറിവോടെയല്ലെന്നും റിപ്പോർട്ടിൽ കണ്ടെത്തൽ. മത്സരം സംബന്ധിച്ച കരാർ ഒപ്പിട്ടതിനും ആധികാരിക രേഖകളില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് സർക്കാരിനെ അറിയിച്ചത് കളമശേരിയിലെ ‘ഗോട്ട് ആൻഡ് ഗ്ലോബൽ’ എന്ന സ്ഥാപനമാണെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ അർജന്റീന ടീമിനെ എത്തിക്കാനുള്ള അവകാശവാദങ്ങൾക്ക് ആവശ്യമായ ആധികാരിക രേഖകൾ ഹാജരാക്കിയില്ലെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.
126 കോടി AFAയ്‌ക്ക് നൽകിയോ? തെളിവ് എവിടെ?
അർജന്റീന ഫുട്ബോൾ അസോസിയേഷന് 126 കോടി രൂപ നൽകിയെന്ന അവകാശവാദത്തിനും വ്യക്തമായ തെളിവുകളില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. ഇത്രയും വലിയ തുകയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകളും ഇടപാടിന്റെ ആധികാരികതയും അന്വേഷണത്തിന്റെ പരിധിയിൽ ചോദ്യം ചെയ്യപ്പെടുകയാണ്.
സാമ്പത്തിക ഇടപാടുകൾ സുതാര്യമായിരുന്നില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇതോടെ മെസ്സിയുടെ പേരിലുള്ള വൻ സാമ്പത്തിക ഇടപാടുകളുടെ യഥാർഥ സ്വഭാവം സംബന്ധിച്ചും കൂടുതൽ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു.
അർജന്റീന അറിയാതെ സൗഹൃദ മത്സരം പ്രഖ്യാപിച്ചോ?
കേരളത്തിൽ അർജന്റീന ടീമിന്റെ സൗഹൃദ മത്സരം നടക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും അർജന്റീന ടീമിന് ഇക്കാര്യം അറിയാമായിരുന്നോ എന്നതിലും അന്വേഷണ റിപ്പോർട്ട് ഗുരുതര ചോദ്യങ്ങളാണ് ഉയർത്തുന്നത്. മത്സര പ്രഖ്യാപനത്തിന് ആവശ്യമായ ഔദ്യോഗിക രേഖകളില്ലെന്നും കരാർ ഒപ്പിട്ടതിന്റെ തെളിവുകൾ പോലും ലഭ്യമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഫിഫ രജിസ്ട്രേഷൻ, ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റെ അനുമതി തുടങ്ങിയ നിർബന്ധിത നടപടിക്രമങ്ങളും പാലിച്ചിരുന്നില്ലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
കരാർ എവിടെ? രേഖകൾ എവിടെ?
അർജന്റീന ടീമുമായി കരാർ ഒപ്പിട്ടുവെന്ന അവകാശവാദത്തിനും ആവശ്യമായ രേഖകളില്ല. അന്താരാഷ്‌ട്ര ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ കരാറും ഔദ്യോഗിക അനുമതികളും ഇല്ലാതെയാണ് പ്രഖ്യാപനത്തിലേക്ക് നീങ്ങിയതെന്നാണ് അന്വേഷണ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
FCRA ലംഘനവും കള്ളപ്പണ ഇടപാടുകളും അന്വേഷിക്കണം
ഇടപാടുമായി ബന്ധപ്പെട്ട് വിദേശ സംഭാവന നിയന്ത്രണ നിയമമായ FCRAയുടെ ലംഘനം ഉണ്ടായിട്ടുണ്ടോയെന്നും സാമ്പത്തിക ഇടപാടുകളിൽ കള്ളപ്പണത്തിന്റെ സാന്നിധ്യമുണ്ടോയെന്നും വിശദമായി അന്വേഷിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതോടെ മെസ്സിയുടെ പേരിൽ നടന്ന സാമ്പത്തിക ഇടപാടുകളുടെ ഉറവിടം, പണമൊഴുക്ക്, വിദേശത്തേക്കുള്ള പണമിടപാടുകൾ എന്നിവയെല്ലാം അന്വേഷണത്തിന്റെ പരിധിയിൽ വരേണ്ട സാഹചര്യമാണുള്ളത്.
സ്പോൺസർ തിരഞ്ഞെടുപ്പിലും ചട്ടലംഘനം
സ്പോൺസറെ തെരഞ്ഞെടുത്തതിലും സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിലെ മറ്റൊരു പ്രധാന കണ്ടെത്തൽ. ‘റിപ്പോർട്ടർ’ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് വേണ്ടി സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തുവെന്നും സാമ്പത്തിക ഇടപാടുകൾ സുതാര്യമായിരുന്നില്ലെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാന്റെ ഇടപെടലുകളും പ്രത്യേകം പരാമർശിക്കുന്നുണ്ട്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് തീരുമാനങ്ങൾ കൈക്കൊണ്ടതെന്നും കത്ത് ഇടപാടുകൾ ഉൾപ്പെടെ മന്ത്രി നേരിട്ട് നടത്തിയെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
കലൂർ സ്റ്റേഡിയം കൈമാറിയതിലും വീഴ്ച
അർജന്റീന മത്സരത്തിനായി കലൂർ സ്റ്റേഡിയം കൈമാറിയതിലും ഗുരുതര വീഴ്ചയുണ്ടായി. മത്സരം നടക്കേണ്ട തീയതി പോലും കൃത്യമായി അറിയാതെയാണ് സ്റ്റേഡിയം കൈമാറിയത്.
ഫിഫ മാച്ച് രജിസ്ട്രേഷനോ നിയമ, സാമ്പത്തിക വകുപ്പുകളുടെ അനുമതിയോ ഉണ്ടായിരുന്നില്ല. ഇൻഷുറൻസോ ബാങ്ക് ഗ്യാരണ്ടിയോ ഇല്ലാതെയാണ് സ്റ്റേഡിയം കൈമാറിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മെസ്സിയുടെ പേരിൽ ‘വമ്പൻ കളി’; ഇനി അന്വേഷണം
മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാനുള്ള നീക്കത്തിൽ വാഗ്ദാനം മുതൽ കരാർ, ഫിഫ അനുമതി, 126 കോടി രൂപയുടെ സാമ്പത്തിക ഇടപാട്, സ്പോൺസർ തിരഞ്ഞെടുപ്പ്, സ്റ്റേഡിയം കൈമാറ്റം വരെ നിരവധി ചോദ്യങ്ങളാണ് അന്വേഷണ റിപ്പോർട്ട് ഉയർത്തുന്നത്.
അർജന്റീന അറിയാതെ മത്സരം പ്രഖ്യാപിച്ചോ? 126 കോടി AFAയ്‌ക്ക് നൽകിയെന്ന അവകാശവാദത്തിന് തെളിവില്ലാത്തത് എന്തുകൊണ്ട്? കരാർ എവിടെ? പണം എവിടെ നിന്ന് വന്നു, എവിടേക്ക് പോയി? FCRA ലംഘനമോ കള്ളപ്പണ ഇടപാടോ നടന്നിട്ടുണ്ടോ? — ഈ ചോദ്യങ്ങൾക്കാണ് ഇനി ഉത്തരം കണ്ടെത്തേണ്ടത്. അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.















